ഇവാനോട് ഗുഡ് ബൈ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്, ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ് | Kerala Blasters
തീർത്തും അപ്രതീക്ഷിതമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫ് കളിപ്പിച്ച ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന് അൽപ്പസമയം മുൻപാണ് ക്ലബ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് പ്രഖ്യാപനം നടത്തിയത്.
“ഹെഡ് കോച്ചായ ഇവാൻ വുകോമനോവിച്ചിനോട് ക്ലബ് ഗുഡ് ബൈ പറയുന്നു. ക്ലബിനോടുള്ള ഇവാന്റെ ആത്മാർത്ഥമായ സമീപനത്തോടും അദ്ദേഹത്തിന്റെ നേതൃഗുണത്തിനും ഞങ്ങൾ നന്ദി അറിയിക്കുകയാണ്. മുൻപോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.” കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
The Club bids goodbye to our Head Coach, Ivan Vukomanovic. We thank Ivan for his leadership and commitment and wish him the best in his journey ahead.
Read More: https://t.co/uShAVngnKF#KBFC #KeralaBlasters pic.twitter.com/wQDZIZcm7q
— Kerala Blasters FC (@KeralaBlasters) April 26, 2024
ക്ലബിന്റെ ഈ നീക്കം ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു എന്നതിൽ സംശയമില്ല. ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ മുൻപ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ചിരുന്നു. ഒരു സീസൺ കൂടി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയുള്ള ഈ പ്രഖ്യാപനം ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. ആദ്യത്തെ സീസണിൽ ക്ലബ്ബിനെ ഫൈനലിലേക്ക് നയിച്ച അദ്ദേഹം അതിനു ശേഷമുള്ള രണ്ടു സീസണുകളിലും ടീമിനെ പ്ലേ ഓഫിലേക്ക് നയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തിയത് ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷമാണ്.
എന്നാൽ മൂന്നു വർഷമായി ടീമിനെ നയിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്നതാണ് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമെന്നാണ് കരുതേണ്ടത്. ഇതോടെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുക പുതിയ പരിശീലകൻ ആയിരിക്കുമെന്ന് വ്യക്തമായി. അതാരായിരിക്കുമെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്.
Kerala Blasters Announce Ivan Vukomanovic Departure