
കലിയുഷ്നി മുന്നിലെത്തിച്ചെങ്കിലും തിരിച്ചടി നൽകി എടികെ മോഹൻ ബഗാൻ, കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പിന്നിൽ
ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ആവേശകരമായി മുന്നോട്ടു പോകുന്നു. ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഇവാൻ കലിയുഷ്നി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിനായി വീണ്ടും വല കുലുക്കിയപ്പോൾ എടികെ മോഹൻ ബഗാന്റെ ഗോൾ നേടിയത് ദിമിത്രി പെട്രാറ്റോസും ജോണി കൗകോയുമാണ്.
മത്സരത്തിലിതു വരെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം സ്ഥാപിച്ചത്. തുടക്കത്തിൽ മികച്ച പ്രെസ്സിങ്ങും മുന്നേറ്റങ്ങളുടെ എടികെ മോഹൻ ബഗാൻ ഗോൾമുഖത്തേക്ക് ആർത്തിരമ്പിയ ബ്ലാസ്റ്റേഴ്സിന് മിനുറ്റുകൾക്കകം തന്നെ രണ്ടു ഗോളുകൾ നേടാനുള്ള അവസരമുണ്ടായിരുന്നെങ്കിലും സഹലിനും ജെസ്സെലിനും അത് കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇതിനു പ്രായശ്ചിത്തം ചെയ്ത് സഹൽ തന്നെ നൽകിയ പാസ് കണക്റ്റ് ചെയ്ത് ആറാം മിനുട്ടിൽ തന്നെ കലിയുഷ്നി ടീമിനെ മുന്നിലെത്തിച്ചു.
മത്സരം പത്തു മിനുട്ടോളം മുന്നോട്ടു പോയപ്പോൾ മഴ പെയ്തത് ബ്ലാസ്റ്റേഴ്സിന്റെ ഒഴുക്കുള്ള കളിയെ ബാധിക്കുകയുണ്ടായി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾ കൃത്യമായി നടക്കാതെ വന്നപ്പോൾ അതിനെ തടഞ്ഞതിൽ നിന്നുള്ള പ്രത്യാക്രമണങ്ങളിൽ നിന്നും മോഹൻ ബഗാൻ ഭീഷണിയുയർത്താൻ തുടങ്ങി. അങ്ങിനെ തന്നെയാണ് മോഹൻ ബഗാൻ ആദ്യത്തെ ഗോൾ കണ്ടെത്തുന്നത്. ഇരുപത്തിയാറാം മിനുട്ടിൽ ദിമിത്രി പെട്രാറ്റോസാണ് എടികെ മോഹൻ ബഗാനു വേണ്ടി സമനില ഗോൾ കണ്ടെത്തുന്നത്.
38' GOOOAAAALLLL
— Indian Super League (@IndSuperLeague) October 16, 2022| #KBFCATKMB @manvir_singh07 picks out @JoniKauko, who gives @atkmohunbaganfc the lead with a belter of a strike!
KBFC 1-2 ATKMB #HeroISL #LetsFootball pic.twitter.com/NPu44EwSPo
സ്വന്തം മൈതാനത്ത് വീണ്ടും ലീഡുയർത്താൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചതിനാൽ ഏതാനും അവസരങ്ങൾ അവർക്കു തുറന്നു കിട്ടിയെങ്കിലും അതൊന്നും മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിനാൽ പ്രതിരോധം ശ്രദ്ധിക്കാൻ ബ്ലാസ്റ്റേഴ്സ് മറന്നതാണ് എടികെ മോഹൻ ബഗാൻ ലീഡ് നേടാൻ കാരണമായത്. ബോക്സിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ഡിഫെൻസീവ് ലൈൻ നൽകിയ സ്പേസ് മുതലെടുത്ത് മുപ്പത്തിയെട്ടാം മിനുട്ടിലാണ് ജോണി കൗക്കോ ബഗാനെ മുന്നിലെത്തിച്ചത്.
സ്വന്തം മൈതാനത്താണ് കളിയെന്നതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചു വരാൻ ഇനിയും അവസരമുണ്ട്. നിരന്തരമായ മുന്നേറ്റങ്ങൾ ടീം നടത്തുന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. എന്നാൽ മുന്നേറ്റത്തിനൊപ്പം പ്രതിരോധം ശ്രദ്ധിക്കേണ്ടത് രണ്ടാം പകുതിയിൽ ടീമിന് അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സ് വരുത്തുന്ന ചെറിയ പിഴവുകൾ വരെ മോഹൻ ബഗാൻ കൃത്യമായി മുതലെടുക്കുന്നുണ്ട്.