രണ്ടു ചരിത്രനേട്ടങ്ങളിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കാൻ ഇവാന് സുവർണാവസരം, കലിംഗയിലെ യുദ്ധഭൂമി കൊമ്പന്മാരെ കാത്തിരിക്കുന്നു | Kerala Blasters
ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമിലെ നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയത് ഫോമിനെ ബാധിച്ചെങ്കിലും നോക്ക്ഔട്ട് മത്സരങ്ങളിൽ പ്രതീക്ഷ ബാക്കിയാണ്. ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ തിരിച്ചു വരുന്നതാണ് അതിനു കാരണം.
നോക്ക്ഔട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് ഒഡിഷ എഫ്‌സിയെയാണ്. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ മുന്നിലായതിനാൽ അവരുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അതൊരു തിരിച്ചടിയാണ്. അതേസമയം ബ്ലാസ്റ്റേഴ്‌സിനൊപ്പം ചരിത്രം തിരുത്താൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഇതൊരു അവസരം കൂടിയാണ്.
. @KeralaBlasters have never won a single leg knockout game in there entire history
Ivan broke so many records at KBFC. Can he break this too? #KBFC #ISL10 pic.twitter.com/H5P2mxMH7g— Abdul Rahman Mashood (@abdulrahmanmash) April 17, 2024
ഒന്നാമത്തെ കാര്യം ഇതുവരെ ഒഡിഷ എഫ്‌സിയുടെ മൈതാനമായ കലിംഗയിൽ ഒരു തവണ പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ലെന്നതാണ്. മത്സരം ഒഡിഷക്കെതിരെയാണെന്ന് വ്യക്തമായപ്പോൾ തന്നെ ആരാധകർ നിരാശപ്പെട്ടതിനു കാരണം ഈ നാണക്കേടിന്റെ റെക്കോർഡാണ്. അത് തിരുത്താൻ ഇവാൻ വുകോമനോവിച്ചിന് അവസരമാണിത്.
മറ്റൊന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഇന്നുവരെ അവർ ഒരു സിംഗിൾ ലെഗ് നോക്ക്ഔട്ട് മത്സരം വിജയിച്ചിട്ടില്ല. ഒഡിഷക്കെതിരായ പ്ലേ ഓഫ് മത്സരം സിംഗിൾ ലെഗ് നോക്ക്ഔട്ട് മത്സരമാണ്. അതിൽ അവരുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്‌സിന് ക്ലബിന്റെ ചരിത്രം തന്നെ തിരുത്താനുള്ള അവസരമാണുള്ളത്.
പ്ലേ ഓഫിലേക്ക് കടക്കുമ്പോൾ ഇവാൻ വുകോമനോവിച്ചിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇവാൻ പരിശീലകനായ ആദ്യത്തെ സീസണിൽ പ്ലേ ഓഫ് വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയോട് പ്രതിഷേധിച്ചു സ്റ്റേഡിയം വിട്ടതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. അതുകൊണ്ടു തന്നെ പ്ലേ ഓഫിൽ ആരാധകർ പ്രതീക്ഷയിൽ തന്നെയാണ്.
Kerala Blasters Can Break Two Curses In Play Offs