കൊച്ചിയിൽ വിജയക്കൊടി പാറിക്കാമെന്ന് എതിരാളികൾ കരുതേണ്ട, പിന്നിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസനീയ തിരിച്ചുവരവ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോൾമഴ. ആദ്യപകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു വീതം ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾ എന്ന നിലയിൽ പിന്നിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം തിരിച്ചടിച്ചാണ് വിജയം നേടിയത്. അനാവശ്യ പിഴവുകളും റഫറിയുടെ തെറ്റായ തീരുമാനവും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

ബ്ലാസ്റ്റേഴ്‌സ് ടീമിനെയും ആരാധകരെയും ഞെട്ടിച്ചാണ് മത്സരം ആരംഭിച്ചത്. റാഫേൽ ക്രിവെയറോ എടുത്ത ഫ്രീകിക്ക് ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ വലയിലെത്തിച്ച് റഹിം അലി ചെന്നൈയിൻ എഫ്‌സിയെ ആദ്യത്തെ മിനുട്ടിൽ തന്നെ മുന്നിലെത്തിച്ചു. എന്നാൽ അത് ഓഫ്‌സൈഡ് ആയിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അതിനു പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പെപ്രയെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. പ്രതിരോധനിര വമ്പൻ പിഴവുകൾ തുടർച്ചയായി വരുത്തിയപ്പോൾ പതിമൂന്നാം മിനുട്ടിൽ തന്നെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജോർദാൻ മുറെ പെനാൽറ്റിയിലൂടെ ചെന്നൈയിനെ മുന്നിലെത്തിച്ചു. നവോച്ച സിംഗിന്റെ ഫൗളിനാണ് പെനാൽറ്റി ലഭിച്ചത്. അതിനു പിന്നാലെ ഹോർമിപാം വരുത്തിയ പിഴവിൽ നിന്നും ലഭിച്ച സ്‌പേസ് മുതലെടുത്ത് ജോർദാൻ മുറെ ചെന്നൈയിൻ എഫ്‌സിയുടെ മൂന്നാമത്തെ ഗോളും നേടി.

അതിനിടയിൽ അഡ്രിയാൻ ലൂണയെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി റഫറി നൽകിയില്ല. മുപ്പത്തിയെട്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ സജീവമാക്കി ക്വാമെ പെപ്ര മുപ്പത്തിയെട്ടാം മിനുട്ടിൽ ഒരു ഗോൾ കൂടി മടക്കി. ലൂണയുടെ ഷോട്ട് തന്റെ കാലിലെത്തിയത് ഒതുക്കിയ താരം ബോക്‌സിന്റെ പുറത്തു നിന്നുമുള്ള ഇടംകാൽ ഷോട്ടിലൂടെയാണ് തന്റെ ആദ്യത്തെ ഗോൾ നേടിയത്.

ആവേശകരമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആക്രമണങ്ങൾ ശക്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന് അതിനുള്ള പ്രതിഫലം അൻപത്തിയൊമ്പതാം മിനുട്ടിൽ ലഭിച്ചു. ഡാനിഷിന്റെ പാസ് സ്വീകരിച്ചതിനു ശേഷം ബോക്‌സിനു പുറത്തു നിന്നുമുള്ള മിന്നൽ സ്‌ട്രൈക്കിലൂടെ ദിമിത്രിസ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോൾ നേടി. അതിനു പിന്നാലെ പെപ്ര നൽകിയ പാസിൽ നിന്നുമുള്ള ഒരു ഓപ്പൺ ചാൻസ് ലൂണ തുലച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്.

വിജയത്തിനായി ആഞ്ഞടിക്കേണ്ട ബ്ലാസ്റ്റേഴ്‌സ് അവസാന മിനിറ്റുകളിൽ ഊർജ്ജം നഷ്‌ടപ്പെട്ടു പതറുന്നതാണ് കണ്ടത്. അതേസമയം ചെന്നൈയിൻ എഫ്‌സിയുടെ ഒന്ന് രണ്ടു മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് ഭീഷണിയുയർത്തി. ഇഞ്ചുറി ടൈമിലാണ് ബ്ലാസ്റ്റേഴ്‌സ് ശരിക്കും വിജയം കൈവിട്ടത്. ഡ്രിഞ്ചിച്ച് നൽകിയ പാസ് ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്ക് തട്ടിയിടാൻ ഡൈസുകെക്ക് കഴിഞ്ഞില്ല. അതിനു ശേഷം പിന്നീടൊരു മുന്നേറ്റം സംഘടിപ്പിക്കാനുള്ള സമയവും ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നില്ല.

Kerala Blasters Chennaiyin FC Draw In ISL