നിരാശയിലും മടങ്ങുന്നത് അഭിമാനത്തോടെ തന്നെ, പ്രതിസന്ധികളുടെ ഇടയിലും പോരാട്ടവീര്യം പുറത്തെടുത്ത് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്നലത്തെ മത്സരത്തിലെ തോൽവിയോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിന് അവസാനമായി. ഒഡിഷ എഫ്സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എൺപത്തിയാറാം മിനുട്ട് വരെയും ഒരു ഗോളിന് മുന്നിൽ നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്സ് അതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങിയാണ് തോൽവി വഴങ്ങിയതും ടൂർണമെന്റിൽ നിന്നും പുറത്തായതും.
ഒരുപാട് വർഷങ്ങളായി ഒരു കിരീടം ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശയാണ് ഇന്നലത്തെ ദിവസം നൽകിയതെങ്കിലും ടീമിന്റെ പ്രകടനത്തിൽ നിരാശപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇന്നലെ നടന്ന മത്സരത്തിൽ മുഴുവൻ കരുത്തോടെ എത്തിയ ഒഡിഷക്കെതിരെ ഒരുപാട് പരിമിതികളുടെ ഇടയിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.
We always have your back @KeralaBlasters 😊🫂 pic.twitter.com/PVpgeRMiKL
— Abdul Rahman Mashood (@abdulrahmanmash) April 19, 2024
ഒഡിഷ എഫ്സിയുടെ ഫുൾ സ്ക്വാഡും മത്സരത്തിന് ലഭ്യമായിരുന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രധാന സ്ട്രൈക്കറായ ദിമിത്രിയോസ് ഉണ്ടായിരുന്നില്ല. ടീമിലേക്ക് തിരിച്ചു വന്ന അഡ്രിയാൻ ലൂണ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. അതിനു പുറമെ ഒരു പ്രോപ്പർ ലെഫ്റ്റ് ബാക്ക് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ ലാറാ ശർമ പരിക്കേറ്റു പുറത്തു പോവുകയും ചെയ്തു.
ഇത്രയും തിരിച്ചടികൾ ഉണ്ടായിട്ടും അതൊന്നും പ്ലേ ഓഫിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ബാധിച്ചില്ല. മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മികച്ച അവസരങ്ങൾ ലഭിച്ച അവർക്ക് അത് കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. അതിൽ തന്നെ രണ്ടാം പകുതിയിൽ മൊഹമ്മദ് അയ്മനും ഫെഡോർ ചെർണിച്ചും തുലച്ചു കളഞ്ഞത് സുവർണാവസരങ്ങളായിരുന്നു.
മത്സരത്തിനിടയിൽ തകർപ്പൻ പ്രകടനം നടത്തിയ ലാറാ ശർമയ്ക്ക് പരിക്കേറ്റു പോയത് ബ്ലാസ്റ്റേഴ്സിനെ നല്ല രീതിയിൽ ബാധിച്ചിരുന്നു. ഒരു പ്രോപ്പർ ലെഫ്റ്റ് ബാക്കില്ലാതിരുന്നതിനാൽ ആ പൊസിഷനിൽ കളിക്കേണ്ടി വന്ന സന്ദീപ് സിങിന്റെ പരിചയക്കുറവും ടീമിന് തിരിച്ചടിയായി. എന്നാൽ ഈ തിരിച്ചടികളുടെ ഇടയിലും മുഴുവൻ സ്ക്വാഡുമായി എത്തിയ ഒഡീഷയെ വിറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
ഒരുപക്ഷെ ടീമിലെ താരങ്ങളെല്ലാം ലഭ്യമായിരുന്നെങ്കിൽ പ്ലേ ഓഫിൽ ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികൾ വിജയം കാണുമായിരുന്നു. എന്നാൽ സീസണിന്റെ തുടക്കം മുതൽ സംഭവിച്ച തിരിച്ചടികൾ ക്ലബ്ബിനെ വലിയ രീതിയിൽ തന്നെ ബാധിച്ചു. എങ്കിലും അതിനെയെല്ലാം മറികടന്ന് ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തി എന്നതിനാൽ തന്നെ അടുത്ത സീസണിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.
Kerala Blasters Done Good Performance Against Odisha FC