ആത്മാർത്ഥത നല്ലതാണ്, പക്ഷെ ഇനിയും ഇവാൻ തന്നെ പരിശീലകനായി തുടരണോ; കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്ദേശം | Kerala Blasters
കിരീടം നേടാനാവാതെ മറ്റൊരു സീസൺ കൂടി കേരള ബ്ലാസ്റ്റേഴ്സിന് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ കിരീടം നേടുമെന്ന് ഏവരും പ്രതീക്ഷിച്ച ടീം രണ്ടാം പകുതിയിൽ ദയനീയമായ പ്രകടനം നടത്തി താഴേക്കു പോയി. പ്ലേ ഓഫ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനം വരെ അത് നിലനിർത്താൻ കഴിയാത്തതിനാൽ ടീമിന് തോൽവി വഴങ്ങേണ്ടി വന്നു.
ഇവാൻ വുകോമനോവിച്ച് വന്നതിനു ശേഷം തുടർച്ചയായ മൂന്നു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. ആദ്യത്തെ സീസണിൽ ഫൈനൽ കളിച്ച ടീം അതിനു ശേഷമുള്ള രണ്ടു സീസണുകളിലും പ്ലേ ഓഫിൽ പുറത്തായി. കഴിഞ്ഞ സീസണിൽ പ്രതിഷേധസൂചകമായി മൈതാനം വിട്ടതിനെ തുടർന്നാണ് ടീം പുറത്തായതെന്നത് പ്രത്യേകം പരാമർശിക്കേണ്ട കാര്യമാണ്.
Coaching job @KeralaBlasters is more safe than a govt job..loyalty is good, appreciable..but that loyal fan base getting what in return?Time has come to evaluate this. If three years time frame is not suffice to deliver result then another one year is going to serve the purpose🤔
— Jyotirmoy Chattopadhyay (@iamjyotirmoyc) April 20, 2024
ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്സിനെ ബാധിച്ചത് മോശം പ്രകടനത്തിന് കാരണമായെങ്കിലും തുടർച്ചയായ മൂന്നാമത്തെ സീസണിലും ടീമിന് കിരീടം നേടിക്കൊടുക്കാൻ കഴിയാതിരുന്നത് ഇവാനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതിൽ തന്നെ എതിർടീമിന്റെ ആരാധകനായ ഒരാൾ ട്വിറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ചോദിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
“കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം ഗവണ്മെന്റ് ജോലിയെക്കാൾ സുരക്ഷിതമാണ്. ആത്മാർത്ഥത നല്ലതും അഭിനന്ദനം അർഹിക്കുന്നതുമാണ്. പക്ഷെ ആത്മാർത്ഥതയുള്ള ആരാധകർക്ക് എന്താണ് തിരിച്ചു കിട്ടുന്നത്? അത് പരിശോധിക്കേണ്ട സമയമായിരിക്കുന്നു. നല്ലൊരു ഫലമുണ്ടാക്കാൻ മൂന്നു വർഷം കൊണ്ട് കഴിഞ്ഞില്ല എന്നിരിക്കെ ഇനിയുമൊരു വർഷം കൂടി നൽകുന്നതെന്തിന്.” ഇതായിരുന്നു കുറിച്ചത്.
മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിട്ടും കിരീടം സ്വന്തമാക്കാൻ കഴിയാത്ത ഇവാനെ ചോദ്യം ചെയ്യുകയാണ് ഇതിലൂടെ. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിമർശനം നേരിടേണ്ടത് ക്ലബ് നേതൃത്വം തന്നെയാണ്. ഒരു കിരീടം നേടാനായി ഏറ്റവും മികച്ച ടീമിനെ നൽകുന്നതിന് പകരം പലപ്പോഴും ശരാശരി സ്ക്വാഡിനെ വെച്ച് കളിക്കേണ്ട സാഹചര്യമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
അതിനൊപ്പം തന്നെ മികച്ച താരങ്ങളെ കൈവിടുന്ന ബ്ലാസ്റ്റേഴ്സിന്റെ രീതിയും വിമർശിക്കപ്പെടേണ്ടതാണ്. ഇവാന്റെ ആദ്യത്തെ സീസണിൽ ഗംഭീര പ്രകടനം നടത്തിയ പെരേര ഡയസിനെ നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത സീസണിൽ ടീമിന് കിരീടം നേടാൻ കഴിഞ്ഞേനെ. ദിമിത്രിയോസിനെ കൈവിട്ട് ഇതേ സീസണിലും ആ പിഴവ് ആവർത്തിക്കാനാണ് ക്ലബ് നേതൃത്വം ഒരുങ്ങുന്നത്.
Kerala Blasters Fans Need To Evaluate Ivan Vukomanovic