റഫറിയുടെ സഹായമോ കടുത്ത ഫൗളുകളോ എതിരാളിയെ പ്രകോപിപ്പിക്കലോ വേണ്ട, മനോഹരമായ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നു | Kerala Blasters

2023 അവസാനിക്കാൻ പോകുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ സന്തോഷം നൽകിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സാണ് നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. കഴിഞ്ഞ ദിവസം എഫ്‌സി ഗോവയും ഈസ്റ്റ് ബംഗാളും സമനിലയിൽ പിരിഞ്ഞതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വർഷത്തിലും ഐഎസ്എല്ലിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ അവിശ്വസനീയമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കാൻ കാരണമായത്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ തളരുമെന്നു പ്രതീക്ഷിച്ച ടീം അവിശ്വസനീയമായ കുതിപ്പാണ് അതിനു ശേഷം നടത്തിയത്. കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ടീം ഒരു ഗോൾ പോലും വഴങ്ങാതെ മൂന്നിൽ മൂന്നു മത്സരങ്ങളിലും വിജയം നേടുകയുണ്ടായി.

പ്രതിരോധത്തിലേക്ക് കൂടുതൽ വലിഞ്ഞു കളിക്കുമ്പോഴും മര്യാദയുള്ള പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ഉണ്ടാകുന്നത്. ലീഡിൽ നിൽക്കുന്ന സമയത്ത് എതിർടീമിനെ കൂടുതൽ പ്രകോപിപ്പിച്ച് അവരുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്താനോ, കടുത്ത ഫൗളുകൾക്ക് വിധേയമാക്കാനോ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുതിരുന്നില്ല. പകരം കൃത്യമായ പ്രതിരോധ തന്ത്രങ്ങൾ തന്നെയാണ് ടീം ആവിഷ്‌കരിക്കുന്നത്.

വളരെ കൃത്യമായ രീതിയിൽ പ്രതിരോധിക്കുന്നതിനാൽ തന്നെ റഫറിമാരുടെ പ്രതികൂലമായ തീരുമാനങ്ങൾ ടീമിനെതിരെ ഉണ്ടാകുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളും വമ്പൻ ടീമുകൾക്കെതിരെ ആയിരുന്നിട്ടു കൂടി റഫറിയിങ് പിഴവുകൾ കുറവായിരുന്നു. റഫറിമാരുടെ അനുകൂലമായ തീരുമാനങ്ങളും ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുന്നില്ല. അതിനാൽ തന്നെ ഈ വിജയങ്ങൾ ടീം കൃത്യമായി കളിച്ചു നേടിയതാണ്.

കൂടുതൽ ആക്രമിച്ചു കളിക്കുന്നതിൽ നിന്നും മാറി പന്ത് കൈവശം വെച്ച് കളിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് കുറച്ചിട്ടുണ്ട്. എന്നാൽ ബോൾ പൊസഷൻ ഇല്ലെങ്കിലും ആക്രമണങ്ങളിൽ ടീം മുന്നിട്ടു നിൽക്കുന്നു. മോഹൻ ബഗാനെതിരെ ഏറ്റവുമധികം ആക്രമണം നടത്തിയതും വമ്പൻ അവസരങ്ങൾ തുറന്നെടുത്തതും ബ്ലാസ്റ്റേഴ്‌സാണ്. മോഹൻ ബഗാൻ കീപ്പറുടെ സേവുകളാണ് അവരെ വലിയ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.

പ്രതിരോധവും മധ്യനിരയും ആക്രമനിരയും ഒരുപോലെ ഒത്തൊരുമിച്ച് കളിക്കുന്നത് ടീമിന്റെ ഫോമിൽ വളരെ നിർണായകമായ ഒന്നാണ്. ടീം ഒന്നടങ്കം ഒരേ താളത്തിൽ കളിക്കുന്നത് പിഴവുകൾ കുറക്കാൻ സഹായിക്കുന്നുണ്ട്. അതിനു പുറമെ ടീമിനെ പിൻനിരയിലും മുന്നേറ്റനിരയിലും നയിക്കാൻ പരിചയസമ്പത്ത് നിറഞ്ഞ താരങ്ങളുണ്ടെന്നത് കേരള ബ്ലാസ്റ്റേഴ്‌സിനു കൂടുതൽ കരുത്ത് നൽകുന്നു.

Kerala Blasters Finish 2023 As Table Toppers Of ISL