ഐഎസ്എല്ലിലെ നാല് ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടും പിന്തുണ ബ്ലാസ്റ്റേഴ്‌സിന്, കരുത്തോടെ കുതിക്കാൻ കൊമ്പന്മാർക്ക് ആശംസയുമായി ഓഗ്‌ബെച്ചേ | Ogbeche

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 2023 അവസാനിക്കുമ്പോൾ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സാണ്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയിട്ടും പതറാതെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം പലരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഈ സീസണിലെ മികച്ച പ്രകടനത്തെ ശ്രദ്ധിച്ചവരിൽ മുൻ താരമായ ബർത്തലോമു ഓഗ്‌ബെച്ചേയുമുണ്ട്. കഴിഞ്ഞ ദിവസം 2023 വർഷം ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കുന്നത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തോട് കൂടിയാണെന്ന പോസ്റ്റ് ഐഎസ്എൽ ഇട്ടിരുന്നു. ഇതിനു കീഴിൽ ഓഗ്‌ബെച്ചേ കമന്റ് ഇട്ടത് ‘ഞാൻ നിങ്ങളെ കാണുന്നുണ്ട്, കരുത്തോടെ മുന്നോട്ടു കുതിക്കൂ” എന്നായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ നാല് ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഓഗ്‌ബെച്ചേ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എന്നീ ക്ലബുകളിൽ ഒരു സീസൺ കളിച്ച താരം ഹൈദരാബാദിൽ രണ്ടു സീസണിലും കളിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ പിന്തുണ വെച്ചു നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിനോടുള്ള താരത്തിന്റെ സ്നേഹം വ്യക്തമാകുന്നുണ്ട്.

2019-20 സീസണിലാണ് ഓഗ്‌ബെച്ചേ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടുള്ളത്. പതിനാറു മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ നേടിയ താരം ഇപ്പോഴും ടീമിനായി ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഓഗ്‌ബെച്ചേ ഏറ്റവും മികച്ച പ്രകടനം നടത്തിയതും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തന്നെയാണ്. ആരാധകർ നൽകിയ സ്നേഹം ഇപ്പോഴും താരം ഓർക്കുന്നുണ്ടെന്ന് വ്യക്തം.

മുപ്പത്തിയൊമ്പത് വയസുള്ള ഓഗ്‌ബെച്ചേ കഴിഞ്ഞ സമ്മർ മുതൽ ഒരു ടീമിന്റെയും ഭാഗമല്ല. ചില ഐ ലീഗ് ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും മുന്നോട്ടു പോയില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന പിന്തുണയും സ്നേഹവും ടീമിനും ആരാധകർക്കും കൂടുതൽ കരുത്ത് നൽകുന്നതാണ്.

Ogbeche Showed His Support To Kerala Blasters