ഒഡിഷ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു

ഐഎസ്എല്ലിലെ മൂന്നാമത്തെ മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. എടികെ മോഹൻ ബഗാനെതിരെ കൊച്ചിയുടെ മൈതാനത്ത് തോൽവി വഴങ്ങിയ ടീമിൽ നിന്നും യാതൊരു മാറ്റങ്ങളുമില്ലാതെയാണ് ഒഡിഷ എഫ്‌സിയുമായുള്ള എവേ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവൻ വുകോമനോവിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഎസ്എല്ലിലെ ഉദ്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ മികച്ച വിജയം നേടിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ മോഹൻ ബഗാനോട് ലീഡ് എടുത്തതിനു ശേഷം രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ തോൽവിയും ബ്ലാസ്റ്റേഴ്‌സ് വഴങ്ങി. ഈ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്തു നടന്നപ്പോൾ ഇന്നാദ്യമായി ഈ സീസണിൽ എവേ ഗ്രൗണ്ടിൽ ഒഡിഷ എഫ്‌സിക്കെതിരെ കളിക്കാനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ മത്സരത്തിൽ കനത്ത തോൽവി നേരിട്ടതിനാൽ തന്നെ ഇന്ന് ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയം കണ്ടെത്തേണ്ടത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഈ സീസണിൽ ടീമിന് വേണ്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. ഒഡിഷയുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് അതിനു കഴിയുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഇലവൻ: ഗോൾകീപ്പർ: പ്രഭ്സുഖൻ ഗിൽ പ്രതിരോധനിര: ഹർമൻജോത് ഖബ്‌റ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം, ജെസ്സൽ കാർനിറോ മധ്യനിര: സഹൽ അബ്ദുൽ സമദ്, ജിക്ക്സൺ സിങ്, അഡ്രിയാൻ ലൂണ, പൂട്ടിയ, മുന്നേറ്റനിര: ഇവാൻ കലിയുഷ്‌നി, ദിമിത്രി ഡെമന്റക്കൊസ്