മുംബൈ സിറ്റിയെ ഞെട്ടിച്ച നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ബുദ്ധിപരമെന്ന് ആരാധകർ | Kerala Blasters

ആരാധകർ പ്രതീക്ഷിച്ച തലത്തിലേക്ക് വന്നില്ലെങ്കിലും അടുത്ത സീസണിലേക്കായി പുതിയൊരു താരത്തെ ക്ലബ് ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. സഹൽ, ഗിൽ എന്നിവരെ വിട്ടുകളഞ്ഞതിന്റെ നിരാശ മാറില്ലെങ്കിലും ആരാധകർക്ക് പ്രതീക്ഷ വെച്ചു പുലർത്താൻ കഴിയുന്ന ഒരു യുവതാരത്തെയാണ് മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിട്ടുള്ളത്.

ഇരുപത്തിമൂന്നുകാരനായ മണിപ്പൂർ പ്രതിരോധതാരമായ നവോച്ച സിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ താരത്തിന് കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഭാവിയിൽ ഉയർന്ന നിലവാരത്തിലേക്ക് ഉയരാൻ സാധ്യതയുള്ള താരത്തിന്റെ ട്രാൻസ്‌ഫർ കരാറിൽ ബുദ്ധിപൂർവമായ ഇടപെടൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ലോൺ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നവോച്ച സിംഗിനെ ക്ലബിലെത്തിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ടീമിലെത്തിയ താരത്തിന്റെ കരാറിൽ ബൈയിങ് ക്ലോസ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മികച്ച പ്രകടനം നടത്തുകയാണെങ്കിൽ അടുത്ത വർഷം താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. മുംബൈ സിറ്റിക്ക് ട്രാൻസ്‌ഫർ ഫീസ് നൽകിയാണ് താരത്തെ സ്വന്തമാക്കുക.

കരിയറിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ മികവ് കാണിക്കുന്ന താരമാണ് നവോച്ച സിങ്. മുൻപ് ഗോകുലം കേരളയിൽ കളിക്കുമ്പോഴും കഴിഞ്ഞ സീസണിൽ റൌണ്ട് ഗ്ലാസ് പഞ്ചാബിനായി കളിക്കുമ്പോഴും താരം അത് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസൺ മുഴുവൻ കളിക്കാനുള്ള അവസരം താരം കൃത്യമായി ഉപയോഗപ്പെടുത്തി മികച്ച പ്രകടനം നടത്തിയാൽ അത് കേരള ബ്ലാസ്റ്റേഴ്‌സിനു ഗുണകരമാകും.

Kerala Blasters Has Buy Option In Naocha Singh Contract