യൂറോപ്പ് വിട്ടാലും റൊണാൾഡോ രാജാവ് തന്നെ, മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വമ്പൻ നേട്ടം | Ronaldo

ഖത്തർ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് റൊണാൾഡോ ചേക്കേറിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയാണ്. യൂറോപ്യൻ ഫുട്ബോളിൽ തിളങ്ങി നിന്നിരുന്ന സമയത്ത് സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്‌ഫർ റൊണാൾഡോയെ സംബന്ധിച്ച് കരിയറിൽ ഒരു പുറകോട്ടു പോക്കാണെങ്കിലും പ്രതിഫലത്തിന്റെ കാര്യമെടുത്താൽ അത് വലിയൊരു നേട്ടമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

കഴിഞ്ഞ ദിവസം ഫോബ്‌സിന്റെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ അതിൽ റൊണാൾഡോയാണ് മുന്നിൽ നിൽക്കുന്നത്. 2017നു ശേഷം ആദ്യമായും മൊത്തത്തിൽ മൂന്നാമത്തെ തവണയുമാണ് റൊണാൾഡോ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇതിനു പുറമെ 2023ൽ ഏറ്റവുമധികം വാർഷികവരുമാനം നേടിയ കായികതാരമെന്ന ഗിന്നസ് റെക്കോർഡും റൊണാൾഡോയുടെ പേരിലാണെന്ന പ്രത്യേകത കൂടിയുണ്ട്.

2023 മെയ് 1 വരെയുള്ള പന്ത്രണ്ടു മാസങ്ങളുടെ കണക്കെടുത്താൽ റൊണാൾഡോ നേടിയത് 136 മില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലയണൽ മെസിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമനായത്. കഴിഞ്ഞ വർഷം മെസിയുടെ പ്രതിഫലം 130 മില്യൺ ഡോളർ ആയിരുന്നു. ഇതിൽ ഓൺ ഫീൽഡ്, ഓഫ് ഫീൽഡ് വരുമാനങ്ങൾ ഉൾപ്പെടുന്നു.

ഓൺ ഫീൽഡ് വരുമാനങ്ങളിൽ പ്രതിഫലം, പ്രൈസ് മണി, ബോണസുകൾ എന്നിവ ഉൾപ്പെടുമ്പോൾ ഓഫ് ഫീൽഡ് വരുമാനത്തിൽ സ്‌പോൺസർഷിപ്പ് ഡീലുകൾ അപ്പിയറൻസ് ഫീസ്, ബിസിനസുകളിൽ നിന്നുള്ള വരുമാനം എന്നിവയെല്ലാം ഉൾപ്പെടുന്നു. ലിസ്റ്റിൽ 130 മില്യൺ പ്രതിഫലം ലഭിച്ച ലയണൽ മെസി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള എംബാപ്പെക്ക് 100 മില്യൺ ഡോളറാണ് പ്രതിഫലം ലഭിച്ചിരിക്കുന്നത്.

Ronaldo Tops Highest Paid Athlete In World