ദിമിത്രിയോസിനു കഴിഞ്ഞ സീസണിലേതു പോലെ ഒന്നും എളുപ്പമാകില്ല, ഇത്തവണ പോരാട്ടം കനക്കുമെന്നുറപ്പ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടിലും ടീം വിജയം നേടി. ആദ്യത്തെ മത്സരത്തിൽ ഒരു സെൽഫ് ഗോളിന്റെയും അഡ്രിയാൻ ലൂണ നേടിയ ഗോളിന്റെയും പിൻബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിലും നായകനായ ലൂണ തന്നെയാണ് ടീമിന്റെ വിജയഗോൾ നേടിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഐഎസ്എല്ലിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ വിജയമെന്ന നേട്ടം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറും ടോപ് സ്‌കോററുമായ ദിമിത്രിയോസ് ഈ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആദ്യത്തെ മത്സരത്തിൽ സ്‌ക്വാഡിൽ ഇല്ലാതിരുന്ന താരം രണ്ടാമത്തെ മത്സരത്തിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണിൽ ലൂണയുമായി ഒരുമിച്ചു കളിച്ചതിന്റെ ഒത്തിണക്കം പെട്ടന്നു തന്നെ താരം കളിക്കളത്തിൽ പ്രകടിപ്പിച്ചപ്പോൾ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത് ഗ്രീക്ക് താരമായിരുന്നു.

ഇന്ത്യയിലെത്തിയ ആദ്യത്തെ സീസണിൽ തന്നെ പത്ത് ഗോളുകളാണ് ദിമിത്രിയോസ് ടീമിനായി അടിച്ചു കൂട്ടിയത്. എന്നാൽ ഈ സീസണിൽ ടീമിന്റെ ടോപ് സ്‌കോറർ സ്ഥാനത്തേക്ക് പോകാൻ ദിമിത്രിയോസ് വലിയൊരു മത്സരം തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിൽ സംശയമില്ല. രണ്ടു മുന്നേറ്റനിര താരങ്ങളെ വെച്ചുള്ള ഫോർമേഷനിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുമ്പോൾ ദിമിത്രിയോസിനു ഒപ്പമിറങ്ങുന്ന, ഇപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയ ലൂണ തന്നെയാകും താരത്തിന് ഭീഷണി.

അതിനു പുറമെ മുന്നേറ്റനിരയിൽ പുതിയതായി വന്നു ചേർന്ന രണ്ടു വിദേശതാരങ്ങൾ കൂടി ഇതിൽ മത്സരം സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. ദിമിത്രിയോസിന്റെ സ്ഥാനത്തിനായി പോരാടുന്ന ഘാന യുവതാരം ക്വാമേ പെപ്ര, ജപ്പാനിൽ നിന്നുമെത്തിയ ഡൈസുകെ എന്നിവരെല്ലാം ടീമുമായി ഒത്തിണങ്ങിയാൽ കൂടുതൽ അപകടകാരികൾ ആയി മാറും. മുന്നേറ്റനിരയിൽ തങ്ങൾക്കിടയിൽ ഒരു മത്സരം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ മത്സരത്തിനു മുൻപ് ദിമിത്രിയോസ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ലൂണയുമായുള്ള ഒത്തിണക്കം ദിമിത്രിയോസിനു ഗുണമാണ്. കഴിഞ്ഞ സീസണിൽ ഈ രണ്ടു താരങ്ങളും ചേർന്ന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പതിനാലു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഈ സീസണിലും അതാവർത്തിക്കാൻ കഴിയുമെന്ന് ഒന്നിച്ചു കളിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ ജംഷഡ്‌പൂരിന്റെ കരുത്തുറ്റ പ്രതിരോധം ഭേദിച്ചതിൽ നിന്നും വ്യക്തമാണ്. മത്സരം വർധിക്കുമ്പോൾ കൂടുതൽ മികച്ച പ്രകടനവും ഇവരിൽ നിന്നുണ്ടാകും.

Kerala Blasters Have Strong Frontline This Season