ലൂണയുടെ മുൻ ക്ലബിനൊപ്പമുള്ള കരിയർ അവസാനിച്ചു, ഓസ്‌ട്രേലിയ ഡിഫെൻഡറെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സും രംഗത്ത് | Kerala Blasters

ഈ സീസണോടെ നിരവധി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ളത്. അതിൽ തന്നെ വിദേശതാരങ്ങളാണ് ക്ലബ് വിടാനുള്ള സാധ്യത കൂടുതൽ. ഈ സീസണിന് ശേഷം ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ലെന്ന് ഉറപ്പുള്ള താരങ്ങളിലൊരാൾ ഡിഫെൻഡറായ മാർകോ ലെസ്‌കോവിച്ചാണ്. മൂന്നു വർഷമായി ടീമിനൊപ്പമുള്ള താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു കഴിഞ്ഞു.

ടീമിന്റെ വിശ്വസ്‌തനായ പ്രതിരോധതാരമായിരുന്ന മാർകോ ലെസ്‌കോവിച്ച് സ്വന്തം താൽപര്യത്തിലാണ് ക്ലബ് വിടുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്നു വർഷമായി ഇന്ത്യയിലുള്ള താരത്തിന് ഇനിയും ഇവിടെ തുടരാൻ താൽപര്യമില്ല. മികച്ച പ്രകടനം നടത്തുന്ന താരത്തിന് ചേരുന്നൊരു പകരക്കാരനെ കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിപുലമായ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലെസ്‌കോവിച്ചിന് പകരക്കാരനായി ഉയർന്നു കേൾക്കുന്ന ഏറ്റവും പുതിയ പേരുകളിലൊന്ന് അഡ്രിയാൻ ലൂണയുടെ മുൻ ക്ലബായ മെൽബൺ സിറ്റിയുടെ പ്രതിരോധതാരമായ കുർട്ടിസ് ഗുഡാണ്. 2018 മുതൽ മെൽബൺ സിറ്റിക്കൊപ്പമുള്ള താരം ഈ സീസണോടെ ക്ലബിൽ നിന്നും വിട പറഞ്ഞു. പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയൻ താരം.

റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം മൂന്ന് ഐഎസ്എൽ ക്ലബുകൾ മുപ്പത്തിയൊന്നുകാരനായ താരത്തിന് വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നു പുറമെ ഇന്തോനേഷ്യൻ ലീഗിൽ നിന്നും താരത്തിന് ഓഫറുകളുണ്ട്. അഡ്രിയാൻ ലൂനക്കൊപ്പം കളിച്ചിട്ടുള്ള താരമായതിനാൽ തന്നെ ആ സൗഹൃദം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സിനുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനൊപ്പം ആറു വർഷം ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും ഗുഡ് അവർക്കായി കളിച്ചിട്ടില്ല. എന്നാൽ മെൽബൺ സിറ്റിക്കൊപ്പം എ ലീഗ് പ്രീമിയർഷിപ്പ് മൂന്നു തവണയും എ ലീഗ് കിരീടം ഒരിക്കലും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിന് വേണ്ടിയും ഗുഡ് ബൂട്ട് കെട്ടിയിട്ടുണ്ട്.

Kerala Blasters Interested In Curtis Good