കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യത്തെ മത്സരം തന്നെ കടുപ്പമാകും, ഐഎസ്എൽ രണ്ടാം ഘട്ടം ആരംഭിക്കുന്ന തീയതി പുറത്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഡിസംബറിൽ നിർത്തിവെച്ച ടൂർണമെന്റ് സൂപ്പർ കപ്പ് മത്സരങ്ങൾ കാരണമാണ് വീണ്ടും ആരംഭിക്കാൻ വൈകുന്നത്. എന്നാൽ ഐഎസ്എൽ രണ്ടാം ഘട്ടം എന്നാണു ആരംഭിക്കുകയെന്ന കാര്യത്തിൽ തീരുമാനം വന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ജനുവരി മുപ്പത്തിയൊന്നിന് തന്നെ ഐഎസ്എൽ രണ്ടാം ഘട്ട മത്സരങ്ങൾ ആരംഭിക്കും. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡെർബി രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരങ്ങളിലൊന്നാണ്. അതിനു പുറമെ ഹൈദരാബാദ് എഫ്‌സിയും ടൂർണമെന്റിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ ഗോവയും തമ്മിലുള്ള മത്സരവും നടന്നേക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം എന്നാണെന്നു തീരുമാനം ആയിട്ടില്ലെങ്കിലും എതിരാളികൾ ഒഡിഷ എഫ്‌സി ആയിരിക്കാൻ സാധ്യതയുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഒഡിഷ എഫ്‌സി. കഴിഞ്ഞ പതിനാലു മത്സരങ്ങളായി തോൽവി അറിഞ്ഞിട്ടില്ലാത്ത അവർ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ മുംബൈ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ്.

ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഈ സീസണിൽ നടന്ന ഒരു ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരുന്നു. കൊച്ചിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഒഡിഷ എഫ്‌സി അവസാനമായി തോൽവി വഴങ്ങിയതും ആ മത്സരത്തിൽ തന്നെയാണ്. എന്നാൽ അതിനു ശേഷം അവിശ്വസനീയമായ ഫോമിലാണ് ഒഡിഷ എഫ്‌സി.

സൂപ്പർകപ്പിൽ ടീമിന്റെ മോശം പ്രകടനം ആരാധകരിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. കിരീടം തങ്ങളുടെ ലക്ഷ്യമായിരുന്നില്ല എന്നു പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞതും ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഐഎസ്എല്ലിൽ മികച്ച പ്രകടനം ടീമിനെക്കൊണ്ട് നടത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം തന്നെയാണ്.

Kerala Blasters Likely To Face Odisha FC