ആദ്യമത്സരം ആവേശപ്പൂരമാകും, ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞു | Kerala Blasters

കേരളത്തിലെ ഫുട്ബോൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഐഎസ്എല്ലിലെ ആദ്യത്തെ മത്സരത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിലേതു പോലെ തന്നെ ഇത്തവണയും ഐഎസ്എൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനമായ കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. കഴിഞ്ഞ സീസണിലെ എതിരാളികൾ ഈസ്റ്റ് ബംഗാൾ ആയിരുന്നെങ്കിൽ ഇത്തവണ പ്രധാന വൈരികളായ ബെംഗളൂരു എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും മികച്ച രീതിയിലുള്ള ആവേശം ലഭിക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനം തന്നെ വേണമെന്ന് ഐഎസ്എൽ സംഘാടകരും മനസിലാക്കി തുടങ്ങിയിരിക്കുന്നു. തുടർച്ചയായ സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കേരളത്തിന്റെ മൈതാനത്തു നടത്തുന്നത് അതിനു തെളിവാണ്. ഇന്ത്യൻ ക്ലബുകളിൽ ഏറ്റവും മികച്ച അന്തരീക്ഷം വാഗ്‌ദാനം ചെയ്യുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമാണ്.

എന്തായാലും ആവേശപ്പൂരത്തിന് ഏറ്റവും മികച്ച അന്തരീക്ഷം തന്നെ തങ്ങൾ നൽകുമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറപ്പിച്ചിട്ടുണ്ട്. മത്സരത്തിന്റെ ഈസ്റ്റ് വെസ്റ്റ് ഗ്യാലറികൾ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ഏതാനും മണിക്കൂറുകളുടെ ഉള്ളിൽ തന്നെ വിറ്റു പോയിരുന്നു. ഇപ്പോൾ എല്ലാ ഗ്യാലറികളും വിറ്റു പോയെന്ന വിവരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്. എങ്കിലും എക്‌സ്‌ക്ലൂസീവ്‌ ആയി ടിക്കറ്റുകൾ ലഭിക്കാനുള്ള അവസരം ഇപ്പോഴുമുണ്ട് എന്നതിനാൽ ആരാധകർക്ക് ആ വഴിയിലും ശ്രമിക്കാം.

മത്സരത്തിനായി ഒരാഴ്‌ച ഇനിയും ബാക്കി കിടക്കെയാണ് എല്ലാ ഗ്യാലറികളും മുഴുവനായും വിറ്റു പോയിരിക്കുന്നത്. ഈ സീസണിനായി ആരാധകർ കാത്തിരിക്കുകയായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫാൻ പവർ എന്താണെന്ന് രാജ്യത്തെ എല്ലാവർക്കും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഇനി മത്സരത്തിൽ വിജയം നേടി അതിന് ഇരട്ടിമധുരം ടീം നൽകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

മത്സരത്തിൽ എതിരാളികളായ ബെംഗളൂരു എഫ്‌സിയോട് ചില കണക്കുകൾ ബ്ലാസ്റ്റേഴ്‌സിന് തീർക്കാനുണ്ട്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്‌സരത്തിൽ ചതിയിലൂടെ ബെംഗളൂരു നേടിയ ഗോളും അതിന്റെ പിന്നാലെയുണ്ടായ വിവാദസംഭാവങ്ങളും ആരും മറന്നിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്‌ഫർ പദ്ധതികളെ വരെ ബാധിച്ച ആ സംഭവത്തിന് പകരം ചോദിക്കാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും എല്ലാവരും കളിപ്പൂരത്തിനായുള്ള കാത്തിരിപ്പിലാണ്.

Kerala Blasters Vs Bengaluru FC Tickets Sold Out