“അക്കാര്യത്തിൽ മെസിയോട് തർക്കിക്കാൻ ഞാനില്ല”- മികച്ച പ്രതിരോധതാരത്തെ വെളിപ്പെടുത്തിയതിൽ പ്രതികരിച്ച് ടോട്ടനം പരിശീലകൻ | Messi

യുവന്റസിൽ അവസരങ്ങൾ ഇല്ലാതിരുന്ന സമയത്ത് ലോൺ കരാറിൽ അറ്റലാന്റയിലേക്ക് ചേക്കേറിയതിനു ശേഷമാണ് ക്രിസ്റ്റ്യൻ റൊമേറോയെ ഫുട്ബോൾ ലോകം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. ഇറ്റാലിയൻ ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തിയ താരം സീരി എയിലെ മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടു. അതിനു പിന്നാലെ അർജന്റീന ടീമിലേക്ക് ഇടം നേടിയ റോമെറോയെ പിന്നീട് അറ്റലാന്റ തന്നെ സ്വന്തമാക്കിയെങ്കിലും അവിടെ നിന്നും ടോട്ടനം ഹോസ്‌പർ റാഞ്ചി. ഇപ്പോൾ ഇംഗ്ലണ്ടിലാണ് താരം കളിക്കുന്നത്.

പ്രതിരോധനിരയിൽ ക്രിസ്റ്റ്യൻ റോമെറോ എത്തിയതാണ് അർജന്റീന ടീമിനെ സന്തുലിതമാക്കാൻ സഹായിച്ചതെന്ന് ടീമിന്റെ നായകനും സൂപ്പർതാരവുമായ ലയണൽ മെസി മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതു വളരെ ശരിയായ നിരീക്ഷണമാണെന്നു പറയാതിരിക്കാൻ കഴിയില്ല. മുൻപ് അർജന്റീന ടീമിന്റെ ഏറ്റവും വലിയ ദൗർബല്യം പ്രതിരോധമായിരുന്നെങ്കിൽ ഇപ്പോൾ അവരുടെ വലിയ ശക്തിയാണ് എതിരാളിക്ക് പഴുതുകൾ അനുവദിക്കാതെ ഉറച്ചു നിൽക്കുന്ന പ്രതിരോധം.

ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസിയാണ് ടീമിന്റെ വിജയഗോൾ നേടിയതെങ്കിലും മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയത് റൊമേറോയായിരുന്നു. മത്സരത്തിനു ശേഷം താരത്തെ അഭിനന്ദിച്ചു മെസി പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരമാണ് റൊമേരോയെന്നാണ് മെസി പറഞ്ഞത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തു വരികയും ചെയ്‌തു.

ലയണൽ മെസിയുടെ വാക്കുകളെ സംബന്ധിച്ച് പ്രതികരിച്ചവരുടെ കൂട്ടത്തിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ക്ലബായ ടോട്ടനം ഹോസ്പേറിന്റെ പരിശീലകനായ ആഞ്ച് പോസ്‍തകൊഗ്‌ലുവുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യത്തിൽ മറുപടി പറഞ്ഞത് “ഇക്കാര്യത്തിൽ മെസിയോട് തർക്കിക്കാൻ ഞാനില്ല. സത്യം പറഞ്ഞാൽ റൊമേരൊക്കെതിരെ കളിക്കാൻ ഞാനും പല താരങ്ങളും ആഗ്രഹിക്കുന്നില്ല. വളരെയധികം മത്സരാത്മക സ്വഭാവം താരത്തിനുണ്ട്. ഒരു ട്രെയിനിങ് മത്സരമാണെങ്കിൽ പോലും തന്റെ മികവ് റോമെറോ കാണിക്കും.” എന്നായിരുന്നു. മെസിയുടെ വാക്കുകളെ ശരി വെക്കുകയാണ് ടോട്ടനം പരിശീലകൻ.

വെറും ഇരുപത്തിയഞ്ചു വയസ് പ്രായമുള്ളപ്പോൾ തന്നെ ദേശീയ ടീമിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കാൻ പ്രധാന പങ്കു വഹിച്ച താരമാണ് റോമെറോ. ഇനിയുമേറെക്കാലം ടീമിനായി മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയും. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ടോട്ടനത്തിനൊപ്പം ക്ലബ് തലത്തിലും കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ അർജന്റീന താരത്തിനുണ്ട്.

Postecoglou Agrees Messi Comments On Romero