“ലയണൽ മെസിയും നെയ്‌മറും പോയതോടെ പിഎസ്‌ജി കൂടുതൽ കരുത്തരാകും”- വെളിപ്പെടുത്തലുമായി ജർമൻ ഇതിഹാസം | PSG

ലോകഫുട്ബോളിലെ ഏറ്റവും മികച്ച മൂന്നു താരങ്ങൾ ഒരുമിച്ചു രണ്ടു വർഷം കളിച്ച ടീമാണ് പിഎസ്‌ജി. ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഒരുമിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. മുന്നേറ്റനിരയിൽ ഈ താരങ്ങളെ ഒരുമിച്ച് നിർത്തിയതിനൊപ്പം സന്തുലിതമായ ഒരു ടീമിനെ സൃഷ്‌ടിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞില്ല. ലീഗ് കിരീടങ്ങൾ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ വരെ മാത്രമേ രണ്ടു വർഷവും പിഎസ്‌ജിക്ക് എത്താൻ കഴിഞ്ഞുള്ളൂ.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വലിയൊരു വിപ്ലവമാണ് പിഎസ്‌ജിയിൽ നടന്നത്. കരാർ അവസാനിച്ച ലയണൽ മെസി ക്ലബ് വിട്ടതിനു പിന്നാലെ നെയ്‌മർ സൗദി അറേബ്യയിലേക്കും ചേക്കേറി. പുതിയ പരിശീലകനായി ലൂയിസ് എൻറിക് എത്തിയതിനൊപ്പം ഡെംബലെ, അസെൻസിയോ, ഗോൻകാലോ റാമോസ്, കൊളോ മുവാനി, തുടങ്ങിയ താരങ്ങളെയും പിഎസ്‌ജി സ്വന്തമാക്കി. മെസിയും നെയ്‌മറും ഉണ്ടായിരുന്നപ്പോഴത്തെ ആകർഷണം ഇപ്പോഴില്ലെങ്കിലും ഈ മാറ്റം ടീമിന് ഗുണം ചെയ്യുമെന്നാണ് ലോതർ മാത്തേവൂസ് പറയുന്നത്.

“മെസി പോയി, നെയ്‌മർ പോയി- അതുകൊണ്ടെന്താണ്? ഈ സൂപ്പർതാരങ്ങളില്ലാതെ കളിക്കുന്നത് പിഎസ്‌ജിയെ കൂടുതൽ കരുത്തരാക്കുമെന്നാണ് എനിക്ക് പറയാനുള്ളത്. വമ്പൻ താരങ്ങളുടെ സാന്നിധ്യം ഇല്ലാത്തതിനാൽ തന്നെ ഇപ്പോഴത്തെ പിഎസ്‌ജി ടീം കൂടുതൽ മെച്ചപ്പെട്ടു വരുമെന്നാണ് എനിക്കു തോന്നുന്നത്. അതേസമയം ആക്രമണനിരയെ കണക്കാക്കുന്ന കാര്യത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാകും.” ലോതർ മാത്തേവൂസ് കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞു.

പുതിയ താരങ്ങളെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് ഒരു മികച്ച ഇലവനെ പിഎസ്‌ജി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ സീസണിൽ അവരുടെ തുടക്കം അത്ര മികച്ചതുമായിരുന്നില്ല. ലോറിയണ്ട്, ടുളൂസേ തുടങ്ങിയ ക്ലബുകൾക്കെതിരെ സമനില വഴങ്ങിയ പിഎസ്‌ജി പക്ഷെ അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടി. ഇനി തനിക്ക് ലഭിച്ച താരങ്ങളിൽ നിന്നും മികച്ചൊരു ഇലവനെ ഉണ്ടാക്കുകയാണ് പിഎസ്‌ജിയുടെ മുന്നിലുള്ള ലക്‌ഷ്യം.

എംബാപ്പയെ മുൻനിർത്തി പിഎസ്‌ജി പുതിയൊരു ടീമിനെ സൃഷ്‌ടിച്ച് യൂറോപ്പ് കീഴടക്കാൻ നോക്കുമ്പോൾ ടീമിലെ പ്രധാന താരങ്ങളായിരുന്ന ലയണൽ മെസിയും നെയ്‌മറും യൂറോപ്പ് വിട്ടിരിക്കുകയാണ്. മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറി മികച്ച പ്രകടനം നടത്തുമ്പോൾ സൗദി അറേബ്യയിലെത്തിയ നെയ്‌മർ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. എന്നാൽ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിനായി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു.

Messi Neymar Exit Makes PSG Stronger