ഇതാണ് യഥാർത്ഥ ആധിപത്യം, എതിരാളികൾക്ക് തൊടാൻ പോലും കഴിയാത്ത അകലത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

പന്ത്രണ്ടു ക്ലബുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ കളിക്കുന്നത്. ഇതിൽ 1889ൽ രൂപീകരിക്കപ്പെട്ട കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാൻ മുതൽ 2020ൽ രൂപീകരിക്കപ്പെട്ട, ഐ ലീഗിൽ നിന്നും പ്രൊമോഷൻ നേടിയ പഞ്ചാബ് എഫ്‌സി വരെയുണ്ട്. എന്നാൽ ഈ പന്ത്രണ്ടു ക്ലബുകളിൽ ആരാധകരുടെ കാര്യത്തിൽ ഏറ്റവും മികച്ച ക്ലബ് ഏതാണെന്ന ചോദ്യമുണ്ടായാൽ അതിനൊരു മറുപടിയെ ഭൂരിഭാഗം പേരിൽ നിന്നും ഉണ്ടാകൂ. അത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നു തന്നെയായിരിക്കും.

2014ൽ രൂപീകൃതമായ കേരള ബ്ലാസ്റ്റേഴ്‌സിന് അന്ന് മുതൽ തന്നെ വലിയ രീതിയിലുള്ള ആരാധകരുടെ പിന്തുണ ലഭിച്ചിരുന്നു. ആദ്യത്തെ സീസണിൽ ഫൈനൽ കളിച്ചത് ആരാധകർ ക്ലബിന് പിന്നിൽ കൂടുതൽ അണിനിരക്കാൻ കാരണമായി. ഇപ്പോൾ പത്താമത്തെ സീസൺ കളിക്കുന്ന സമയത്ത് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും സംഘടിതമായ ആരാധകക്കൂട്ടമായി അവർ വളർന്നിരിക്കുന്നു. ഐഎസ്എല്ലിൽ വലിയ രീതിയിലുള്ള ചലനങ്ങൾ ഉണ്ടാക്കാൻ പലപ്പോഴും ഈ ആരാധകസംഘത്തിനു കഴിയാറുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ക്ലബ്ബിന്റെ പട്ടിക ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തു വിടുകയുണ്ടായി. നൂറ്റാണ്ടുകളുടെ ചരിത്രം ആരാധകരുടെ പിന്തുണ ലഭിക്കാൻ ഒരു മാനദണ്ഡമല്ലെന്നു തെളിയിച്ച് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. മുപ്പത്തിയഞ്ചു ലക്ഷം പേർ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുമ്പോൾ അഞ്ചര ലക്ഷത്തിലധികം പേർ പിന്തുടർന്ന മോഹൻ ബഗാൻ രണ്ടാമത് നിൽക്കുന്നു.

4.8 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ബെംഗളൂരു മൂന്നാമത് നിൽക്കുന്ന ലിസ്റ്റിൽ 4.3 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഗോവ നാലാമതും നാല് ലക്ഷം പേരുള്ള ചെന്നൈയിൻ എഫ്‌സി അഞ്ചാമതുമാണ്. മുംബൈ സിറ്റി, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ്, ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ, ഒഡിഷ എന്നിവർ പതിനൊന്നു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഏറ്റവും അവസാനം നിൽക്കുന്നത് പുതിയതായി ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ പഞ്ചാബ് എഫ്‌സിയാണ്.

മോഹൻ ബഗാനെപ്പോലെ തന്നെ നൂറ്റാണ്ടിന്റെ ചരിത്രം അവകാശപ്പെടാൻ കഴിയുന്ന ഈസ്റ്റ് ബംഗാൾ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നതെന്നത് വിചിത്രമായ കാര്യമാണ്. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായി അറിയപ്പെട്ടിരുന്ന കൊൽക്കത്തക്ക് ഇപ്പോൾ ആ മേധാവിത്വം ഇല്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം ഫുട്ബോൾ സൗകര്യങ്ങൾ വളർത്താൻ അനായാസം കഴിയുന്ന ഒരു ഭൂപ്രകൃതി ആയിരുന്നുവെങ്കിൽ ഇതിനേക്കാൾ കുതിപ്പ് കേരളം നടത്തിയേനെയെന്നതിൽ സംശയമില്ല.

Kerala Blasters Most Followed ISL Club In Instagram