പ്രധാനതാരത്തെ നഷ്‌ടമായ ക്ലബിന്റെ അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പ്, പ്രീമിയർ ലീഗിൽ റെക്കോർഡ് നേട്ടവുമായി ടോട്ടനം പരിശീലകൻ | Tottenham

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ടോട്ടനം ഹോസ്‌പറിന്റെ പ്രധാന താരവും നായകനുമായ ഹാരി കേൻ ക്ലബ് വിടാനുള്ള തീരുമാനമെടുക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കറായിരുന്നെങ്കിലും ടോട്ടനത്തിനൊപ്പം കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതെ നിരവധി വർഷങ്ങൾ കടന്നു പോയതിനെ തുടർന്നാണ് കേൻ ക്ലബ് വിട്ടത്. വിട്ടുകൊടുക്കാതിരിക്കാൻ ടോട്ടനം പരമാവധി ശ്രമിച്ചെങ്കിലും ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തെ പിടിച്ചു നിർത്തുന്നതിൽ അവർക്ക് പരിമിതിയുണ്ടായിരുന്നു.

യൂറോപ്യൻ ടൂർണമെന്റുകളിൽ ഒന്നിനു പോലും യോഗ്യത നേടാതെ കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമിനായി മുപ്പതു പ്രീമിയർ ലീഗ് അടിച്ചുകൂട്ടിയ താരം ക്ലബ് വിടുന്നതോടെ ഈ സീസണിൽ ടോട്ടനത്തിന്റെ നില തീർത്തും പരുങ്ങലിലാകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ സ്‌കോട്ടിഷ് ലീഗിൽ കഴിഞ്ഞ രണ്ടു വർഷമായി സെൽറ്റിക്കിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ച പൊസ്തേകൊഗ്‌ലു ടീമിന്റെ പരിശീലകനായി വന്നതോടെ ടോട്ടനത്തിന്റെ തലവര തന്നെ മാറുകയായിരുന്നു.

ഇന്നലെ ഫുൾഹാമിനെതിരെ നടന്ന മത്സരമടക്കം ഈ സീസണിൽ ഇതുവരെ ഒൻപത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ടോട്ടനം ഹോസ്‌പർ നിൽക്കുന്നത് ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഏഴു മത്സരങ്ങളിൽ വിജയവും രണ്ടു മത്സരത്തിൽ സമനിലയും അവർ വഴങ്ങി. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങാതെ രണ്ടു ടീമുകളിൽ ഒന്നാണവർ. ആദ്യത്തെ മത്സരത്തിൽ ബ്രെന്റഫോഡിനെതിരെ സമനില വഴങ്ങി സീസൺ തുടങ്ങിയ അവർ പിന്നീട് ആഴ്‌സണലിനെതിരെ സമനില വഴങ്ങിയതൊഴിച്ചാൽ ബാക്കി മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കി.

മികച്ച പ്രകടനം നടത്തിയാണ് ഈ മത്സരങ്ങളിലെല്ലാം ടോട്ടനം വിജയം നേടിയതെന്നതാണ് ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നത്. മോശം ഫോമിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ച ഒരു ടീമിനെക്കൊണ്ട് ഇത്രയും മികച്ച പ്രകടനം നടത്തിച്ച ഗ്രീക്ക് പരിശീലകനായ പോസ്‍തകൊഗ്‌ലു ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ ഒരു റെക്കോർഡും സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഒരു പരിശീലകൻ തന്റെ ആദ്യത്തെ ഒൻപത് പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നും ഇരുപത്തിമൂന്നു പോയിന്റുകൾ സ്വന്തമാക്കുന്നത്.

ടോട്ടനത്തിന്റെ മികച്ച പ്രകടനം അവർക്ക് ഈ സീസണിൽ കിരീടപ്രതീക്ഷ നൽകുന്നതാണ്. ഈ ഒൻപത് മത്സരങ്ങളുടെ ഇടയിൽ ആഴ്‌സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ പ്രധാന ടീമുകളോടെല്ലാം ടോട്ടനം കളിച്ചിരുന്നു. ഇത്തവണ പ്രീമിയർ ലീഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നത് ടോട്ടനത്തിനു കിരീടം നേടാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. പ്രധാന താരങ്ങൾക്കൊന്നും പരിക്ക് പറ്റിയില്ലെങ്കിൽ അവർക്കതിനു കഴിയുമെന്നതിൽ സംശയമില്ല.

Tottenham Hotspur Is In Stunning Form Under Ange Postecoglou