എംഎൽഎസിലും ഇന്ത്യയിലും മാത്രമേ ഇങ്ങിനെയുള്ളൂ, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയതിന്റെ കാരണം വെളിപ്പെടുത്തി ലൂണ | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ച വിദേശതാരങ്ങളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അഡ്രിയാൻ ലൂണ. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും ഇന്ത്യൻ സൂപ്പർലീഗിലെത്തിയ താരം ഇപ്പോൾ ടീമിലെ ഏറ്റവും വിശ്വസ്‌തനായ കളിക്കാരനാണ്. ഇവാന്റെ ശൈലിയിൽ നിർണായക റോൾ ചെയ്യുന്ന താരം കഴിഞ്ഞ മൂന്നാമത്തെ സീസണിലും തന്റെ മികവ് കളിക്കളത്തിൽ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യത്തെ സീസണിൽ ഫൈനൽ വരെയെത്തിച്ച ലൂണക്കൊപ്പം കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫും കളിച്ചിരുന്നു. ഈ സീസണിൽ ടീമിന്റെ നായകനായ താരത്തിനു കൂടുതൽ ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ ആരാധകരെ വളരെയധികം സ്നേഹിക്കുന്ന അഡ്രിയാൻ ലൂണ കഴിഞ്ഞ ദിവസം താൻ ഇവിടെത്തന്നെ വിരമിക്കാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ചേക്കേറിയതിന്റെ കാരണവും താരം വെളിപ്പെടുത്തി.

“ഞാൻ ഫെഡറിക്കോ ഗാലെഗോയുമായി ഈ ലീഗിനെ കുറിച്ചും ഇതിന്റെ നിലവാരത്തെക്കുറിച്ചും സൗകര്യങ്ങളെ കുറിച്ചും പിച്ചുകളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം പോസിറ്റീവായിരുന്നു. അതിനുശേഷം, ഐ‌എസ്‌എല്ലിനു മൂന്നോ നാലോ മാസത്തെ ഇടവേളയുണ്ടെന്ന് ഞാൻ മനസ്സിലാക്കി, അത് എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ പ്രധാനമാണ്, കാരണം എനിക്ക് എന്റെ കുടുംബത്തോടും ഭാര്യയോടും കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാൻ കഴിയും.”

“കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഈ പ്രത്യേക പോയിന്റ് ഇന്ത്യയിലേക്ക് മാറാനുള്ള പ്രധാന കാരണമായിരുന്നു. നിങ്ങൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ, നിങ്ങൾക്ക് നാല് മാസത്തെ അവധി ലഭിക്കും. എംഎൽഎസ് മാറ്റി നിർത്തിയാൽ ഇങ്ങിനെയുള്ള ലോകത്തിലെ ഒരേയൊരു ലീഗ് ഇതാണെന്ന് തോന്നുന്നു. അതിനാൽ ഇത് എനിക്ക് ഒരു നല്ല ഓപ്ഷനായിരുന്നു, ഈ തീരുമാനം എടുത്തതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ഇവിടെ എന്റെ ജീവിതം ആസ്വദിക്കുകയാണ്.” ലൂണ പറഞ്ഞു.

ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന അഡ്രിയാൻ ലൂണ നാല് മത്സരങ്ങളിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഈ നാല് മത്സരങ്ങളിൽ രണ്ടു വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ഒരു തോൽവിയും ഒരു സമനിലയും വഴങ്ങി. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്‌സിന്റെ ബാധിച്ചിട്ടുണ്ടെങ്കിലും ടീമിന്റെ പ്രകടനത്തെ അത് കാര്യമായി ബാധിച്ചിരുന്നില്ല.

Adrian Luna Reveal Reason To Join ISL