ഒടുവിൽ റൊണാൾഡോയും സമ്മതിച്ചു, ഇത്തവണത്തെ ബാലൺ ഡി ഓർ സ്വന്തമാക്കേണ്ടത് മെസിയെന്ന് അഭിപ്രായം | Messi

ലയണൽ മെസിയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ വർഷമായിരിക്കും 2023. ക്ലബ് തലത്തിൽ പല തിരിച്ചടികളും നേരിട്ടുവെങ്കിലും അർജന്റീന ടീമിനൊപ്പം ഐതിഹാസികമായ നേട്ടമാണ് ലയണൽ മെസി സ്വന്തമാക്കിയത്. 2022 ജൂണിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയ അർജന്റീന അതിനു ശേഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കുകയും ചെയ്‌തതോടെ ദേശീയ ടീമിനായി സാധ്യമായ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി.

ലോകകപ്പ് സ്വന്തമാക്കിയതോടെ ലയണൽ മെസി തന്നെയാകും 2023ലെ ബാലൺ ഡി ഓർ സ്വന്തമാക്കുകയെന്ന് ഏവരും ഉറപ്പിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയതോടെ അക്കാര്യത്തിൽ വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടായി. പ്രീമിയർ ലീഗിൽ റെക്കോർഡ് ഗോൾവേട്ടയുമായി മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച ഹാലൻഡും ബാലൺ ഡി ഓർ അർഹിക്കുന്നുണ്ടെന്ന് പലരും വിലയിരുത്തുകയുണ്ടായി.

എന്നാൽ മെസി തന്നെയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം റൊണാൾഡോയും പറഞ്ഞത്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതാണ് താരത്തെ ഈ നേട്ടത്തിന് പ്രിയങ്കരനാക്കി മാറ്റുന്നതെന്ന് ബ്രസീലിയൻ താരം പറഞ്ഞു. “ബാലൺ ഡി ഓർ മെസിക്ക് തന്നെ നൽകണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകകപ്പിൽ മെസി ചെയ്‌ത കാര്യങ്ങൾ സ്പെഷ്യലായിരുന്നു. പെലെയുടെയും മറഡോണയുടെയും ലോകകപ്പ് നേട്ടങ്ങളെ അതോർമിപ്പിച്ചു.” റൊണാൾഡോ പറഞ്ഞു.

ബാലൺ ഡി ഓർ കാലയളവിൽ മെസി സ്വന്തമാക്കിയത് ലോകകപ്പ് മാത്രമല്ല, മറിച്ച് ഫ്രഞ്ച് ലീഗും ഫ്രഞ്ച് സൂപ്പർകപ്പും താരം കഴിഞ്ഞ സീസണിൽ നേടുകയുണ്ടായി. പിഎസ്‌ജിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ഇരുപത്തിയൊന്ന് ഗോളും ഇരുപത് അസിസ്റ്റും സ്വന്തമാക്കിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. പിഎസ്‌ജി കരാർ അവസാനിച്ചതിനു പിന്നാലെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി അവർക്കൊപ്പം ലീഗ്‌സ് കപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.

ഈ മാസം അവസാനമാണ് ബാലൺ ഡി ഓർ പ്രഖ്യാപിക്കുന്നത്. ഒക്ടോബർ മുപ്പതിന് പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ആർക്കാണെന്ന് വ്യക്തമാകും. ഇത്തവണ പുരസ്‌കാരം നേടിയാൽ മെസിക്ക് എട്ടു ബാലൺ ഡി ഓർ നേട്ടങ്ങളാണ് സ്വന്തമാവുക. ചരിത്രത്തിൽ മറ്റൊരു താരവും ഇത്രയും ബാലൺ ഡി ഓർ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ല. അഞ്ചു തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.

Ronaldo Nazario Says Messi Deserve To Win Ballon Dor