ഇതുപോലെ സംഭവിച്ചിട്ടുള്ളത് എർലിങ് ഹാലൻഡിനു മാത്രം, അവിശ്വസനീയമായ കുതിപ്പിലാണ് ബാഴ്‌സലോണ താരം | Marc Guiu

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമിയാണ് ബാഴ്‌സലോണയുടേതെന്ന് വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നു രണ്ടു വർഷം മുൻപ് പല താരങ്ങളെയും ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തിൽ ബാഴ്‌സലോണക്ക് കരുത്തേകിയത് അക്കാദമിയിൽ നിന്നും പ്രൊമോട്ട് ചെയ്‌തു വന്ന താരങ്ങളായിരുന്നു. ഗാവി, ബാൾഡെ തുടങ്ങിയ യുവ താരങ്ങൾ പിന്നീട് ടീമിന്റെ പ്രധാന കളിക്കാരായി മാറുകയും ചെയ്‌തു.

സാമ്പത്തികപ്രതിസന്ധിയും പരിക്കും കാരണം പിന്നീടും നിരവധി അക്കാദമി താരങ്ങളെ പലപ്പോഴായി ബാഴ്‌സലോണക്ക് ഉപയോഗപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അവരിൽ പലരും മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. പതിനാറാം വയസിൽ തന്നെ ബാഴ്‌സലോണ ടീമിലെത്തിയ യമാൽ അതിനൊരു ഉദാഹരമാണ്. ഇന്നലെ ബാഴ്‌സലോണയും അത്‌ലറ്റിക് ബിൽബാവോയും തമ്മിൽ നടന്ന മത്സരത്തിൽ ഡെഡ്‌ലോക്ക് പൊട്ടിച്ച് ബാഴ്‌സയുടെ വിജയഗോൾ നേടിയതും മറ്റൊരു അക്കാദമി താരമാണ്.

ബി ടീമിൽ നിന്നും പ്രൊമോട്ട് ചെയ്‌ത മാർക്ക് ഗുയു കഴിഞ്ഞ ലീഗ് മത്സരത്തിൽ ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അത്‌ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിൽ താരത്തെ എഴുപത്തിയൊമ്പതാം മിനുട്ടിൽ സാവി കളത്തിലിറക്കി. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ നേടാൻ കഴിയാതിരുന്ന ബാഴ്‌സലോണക്കായി കളത്തിലിറങ്ങി ഇരുപത്തിമൂന്നാമത്തെ സെക്കൻഡിൽ തന്നെ പതിനേഴുകാരൻ ഗോൾ നേടുകയും ചെയ്‌തു.

View this post on Instagram

A post shared by LALIGA (@laliga)

ആ ഒരൊറ്റ ഗോളിൽ ബാഴ്‌സലോണ യുവതാരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുണ്ടായ കുതിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മത്സരത്തിനിറങ്ങുമ്പോൾ ഏതാണ്ട് 44K ഫോളോവേഴ്‌സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉണ്ടായിരുന്നത്. എന്നാൽ ആ ഗോൾ നേടിയതിനു ശേഷം ഫോളോവേഴ്‌സിന്റെ എണ്ണം അത്ഭുതപ്പെടുന്ന രീതിയിൽ വർധിച്ച് ഇപ്പോൾ 808Kയിൽ എത്തിയിട്ടുണ്ട്. നോർവേക്ക് വേണ്ടി ഹാലാൻഡ് ഒൻപത് ഗോളുകൾ നേടിയപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഇതുപോലെയൊരു കുതിപ്പ് കണ്ടിട്ടുള്ളതെന്നാണ് 443 പറയുന്നത്.

താരത്തിന്റെ ഗോളിൽ പരിശീലകൻ സാവി വളരെയധികം സന്തോഷം പ്രകടിപ്പിച്ചു. കിട്ടുന്ന അവസരം കൃത്യമായി മുതലെടുക്കാൻ താൻ താരത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതാണ് ഗ്രുയു ചെയ്‌തതെന്നുമാണ് സാവി പറഞ്ഞത്. തന്റെ വലിയൊരു സ്വപ്‌നമാണ് സഫലമായതെന്ന് താരവും മത്‌സരത്തിനു ശേഷം പ്രതികരിച്ചു. ഈ മത്സരത്തിൽ ഗോൾ നേടിയതോടെ ഷക്തറിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും താരം ഇറങ്ങാനുള്ള സാധ്യതയുണ്ട്.

Marc Guiu Instagram Growing After Debut Goal