പന്ത്രണ്ടു വർഷത്തിനു ശേഷം ഈസ്റ്റ് ബംഗാളിന് ആദ്യകിരീടം, കേരള ബ്ലാസ്റ്റേഴ്സ് മനസിലാക്കേണ്ട ചിലതുണ്ട് | Kerala Blasters
കലിംഗ സൂപ്പർ കപ്പിൽ ഒഡിഷ എഫ്സിയും ഈസ്റ്റ് ബംഗാളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ആവേശകരമായ ഒന്നായിരുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡീഷയെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ കിരീടം സ്വന്തമാക്കി. പന്ത്രണ്ടു വർഷത്തിനിടെ ഈസ്റ്റ് ബംഗാൾ നേടുന്ന ആദ്യത്തെ കിരീടമായിരുന്നു കലിംഗ സൂപ്പർകപ്പ്.
സൂപ്പർകപ്പ് കിരീടം നേടിയതോടെ എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ സെക്കൻഡ് ടയറിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടുണ്ട്. ഇതിനു മുൻപ് 2015ലാണ് അവർ ഒരു ഏഷ്യൻ ടൂർണമെന്റിൽ കളിച്ചിരിക്കുന്നത്. സ്ഥാനമേറ്റെടുത്ത് ഒരു വർഷമായപ്പോഴേക്കും ടീമിന് ഒരു കിരീടം സ്വന്തമാക്കി നൽകാൻ കഴിഞ്ഞതിൽ പരിശീലകനായ കാർലോസ് കുവാദ്രത്തിനും അഭിമാനിക്കാം.
East Bengal have won the Super Cup! 😍🏆
First major trophy in 12 years for the men in Red and Gold! 🥰
📷 @eastbengal_fc#IndianFootball #SuperCup #JoyEastBengal pic.twitter.com/DT58aNoeqw
— GOAL India (@Goal_India) January 28, 2024
കേരള ബ്ലാസ്റ്റേഴ്സ് ഇതിൽ നിന്നെല്ലാം ചില കാര്യങ്ങൾ മനസിലാക്കാനുണ്ട്. സൂപ്പർകപ്പ് ടൂർണമെന്റ് ആരംഭിക്കുമ്പോൾ കിരീടം സ്വന്തമാക്കാൻ സാധ്യത ഉണ്ടായിരുന്ന ടീമുകളിൽ ഒന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിലെ അവസാനത്തെ മത്സരങ്ങൾ അത്രയും മികച്ച ഫോമിലാണ് അവർ കളിച്ചത്. എന്നാൽ സൂപ്പർ കപ്പിൽ ഒന്നു പൊരുതാൻ പോലും തയ്യാറാകാതെ കീഴടങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.
ടൂർണമെന്റിന് ശേഷം പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് അതിന്റെ കാരണം വ്യക്തമാക്കിയത്. സൂപ്പർ കപ്പിന് പോകുമ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് കിരീടം ലക്ഷ്യമിട്ടിരുന്നില്ല. മൂന്നു മത്സരങ്ങൾ കളിച്ച് കൊച്ചിയിലേക്ക് തിരിച്ചുവരാനാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിന് പോയത്. പരിക്കുകൾ ഒന്നുമില്ലാതെ ടീമിലെ താരങ്ങൾ തിരിച്ചു വരികയെന്നതും പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു കിരീടവും എഎഫ്സി യോഗ്യതയും നൽകുന്ന ഇത്തരം ടൂര്‍ണമെന്റുകളെ ബ്ലാസ്റ്റേഴ്സ് നേതൃത്വം എങ്ങിനെയാണ് കാണുന്നതെന്ന് ഇതിൽ നിന്നും മനസിലാക്കാം. സൂപ്പർകപ്പ് നേടുന്നതിനേക്കാൾ പ്രാധാന്യം ഐഎസ്എൽ കിരീടം നേടുന്നതിനു കൊടുക്കുന്നതിനു കുഴപ്പമില്ല. എന്നാൽ അതിനു വേണ്ടി സൂപ്പർ കപ്പ് പോലൊരു പ്രധാന ടൂര്ണമെന്റിനോട് പൂർണമായും മുഖം തിരിക്കേണ്ട കാര്യമില്ല.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെക്കാലമായി ഒരു കിരീടം ആഗ്രഹിക്കുന്നവരാണ്. സൂപ്പർ കപ്പിനെ ഗൗരവമായി എടുത്ത് കിരീടത്തിനായി പൊരുതുകയും അത് നേടുകയും ചെയ്തിരുന്നെങ്കിൽ ആരാധകർക്ക് അത് ആഘോഷത്തിന് വക നൽകിയേനെ. മാത്രമല്ല, ഐഎസ്എല്ലിൽ കൂടുതൽ കരുത്തോടെ കളിക്കാൻ അത് ആത്മവിശ്വാസവും നൽകുമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വം എല്ലാ ടൂര്‍ണമെന്റുകൾക്കും പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ഇവാൻ വുകോമനോവിച്ച് പോലും സൂപ്പർ കപ്പിന് പ്രാധാന്യം നൽകാത്തത് അപലപിക്കേണ്ട കാര്യമാണെന്നതിൽ സംശയമില്ല. അതിനു വേണ്ടിയുള്ള സമ്മർദ്ദം ചെലുത്തേണ്ടത് ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെയാണ്, എങ്കിൽ മാത്രമേ അവരുടെ ആഗ്രഹം സാധ്യമാവുകയുള്ളൂ.
Kerala Blasters Must Focus To Win A Trophy