സീസണിന്റെ രണ്ടാം പകുതിയിൽ കാണുക മറ്റൊരു ബ്ലാസ്റ്റേഴ്‌സിനെ, ടീമിൽ സംഭവിച്ചിരിക്കുന്നത് വലിയ മാറ്റങ്ങൾ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ ആരംഭിച്ചതു തന്നെ പരിക്കിന്റെ തിരിച്ചടികൾ നേരിട്ടു കൊണ്ടായിരുന്നു. നിരവധി താരങ്ങളാണ് പരിക്കേറ്റു പുറത്തു പോയത്. ചില താരങ്ങൾ തിരിച്ചു വന്നെങ്കിലും മറ്റു ചില താരങ്ങൾ ഇപ്പോഴും പരിക്കേറ്റു പുറത്തിരിക്കുകയാണ്. ടീമിന്റെ നായകനായിരുന്ന അഡ്രിയാൻ ലൂണയും ഈ സീസണിൽ തിരിച്ചു വരാൻ സാധ്യതയില്ലാത്ത താരങ്ങളിൽ ഉൾപ്പെടുന്നു.

ഈ പ്രതിസന്ധികളുടെ ഇടയിലും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. സീസണിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സാണ്. സീസണിന്റെ രണ്ടാം പകുതിയിലേക്ക് ഇറങ്ങുമ്പോൾ ആ ഫോം നിലനിർത്താനും കിരീടം നേടാനും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുമ്പോൾ അതിൽ വെല്ലുവിളികളുമുണ്ട്.

ക്വാമേ പെപ്ര കൂടി പരിക്കേറ്റു പുറത്തു പോയതോടെ സീസണിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ വലിയൊരു മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. അഡ്രിയാൻ ലൂണക്ക് പകരമെത്തിയ ഫെഡോർ സെർനിച്ച്, പെപ്രക്ക് പകരം ഗോകുലം കേരളയിൽ നിന്നും ലോൺ കരാർ പിൻവലിച്ച് ടീമിലെത്തിച്ച ഇമ്മാനുവൽ ജസ്റ്റിൻ എന്നിവർ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ ഉണ്ടാകും.

ഈ താരങ്ങളിൽ ഇമ്മാനുവൽ ജസ്റ്റിന് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് കീഴിൽ പ്രവർത്തിച്ചു പരിചയമുള്ളത്. ഫെഡോർ സെർനിച്ചിനെ സംബന്ധിച്ച് ചുരുങ്ങിയ സമയം കൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയിലെയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമായ കാര്യമാണ്. എങ്കിൽ മാത്രമേ ടീമിന് മികച്ച പ്രകടനം തുടരാൻ കഴിയൂ.

പുതിയൊരു സാഹചര്യം ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായത് എതിരാളികൾക്ക് ടീമിനെക്കുറിച്ച് ഒരു വിലയിരുത്തൽ ഉണ്ടാകാതിരിക്കാൻ സഹായിക്കും. തിരിച്ചടികളുടെ ഇടയിലും മികച്ച പ്രകടനം നൽകിയ പരിശീലകൻ ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷയാണ്. ഇപ്പോഴത്തെ പുതിയ സാഹചര്യത്തിലും ടീമിനെക്കൊണ്ട് മികവ് കാണിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

New Changes In Kerala Blasters Squad