സൗദിയിലേക്കില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ ക്ലബുകൾക്കെതിരെ തന്നെ പ്രീ സീസൺ കളിക്കും | Kerala Blasters

ടീമിന് ആവശ്യമുള്ള താരങ്ങളെ കൃത്യമായി എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആശങ്കയോടെ നോക്കിക്കാണുന്ന സീസണാണ് ഇത്തവണത്തേത്. എങ്കിലും പരിശീലകനായ ഇവാൻ വുകോമനോവിച്ചിലാണ് ആരാധകരുടെ പ്രതീക്ഷ. ലഭ്യമായ താരങ്ങളെ വെച്ച് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുമെന്നതിനൊപ്പം ടീമിലേക്ക് പുതിയ താരങ്ങൾ വരുമെന്നും അവർ പ്രതീക്ഷിക്കുന്നു.

അതേസമയം അടുത്ത സീസണിനു മുന്നോടിയായുള്ള തയ്യാറെടുപ്പിനു വേണ്ടി നടത്തുന്ന പ്രീ സീസൺ മത്സരങ്ങളുടെ തീയതി ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. ഡ്യുറന്റ് കപ്പ് കളിച്ചതിനു ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾക്കു വേണ്ടി യുഎഇയിലേക്ക് പുറപ്പെടുക. കഴിഞ്ഞ സീസണിലും പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പോയെങ്കിലും എഐഎഫ്എഫിനു ഫിഫയുടെ വിലക്ക് ഉണ്ടായിരുന്നതിനാൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം ഇത്തവണ മികച്ച രീതിയിൽ തന്നെ സീസണിനു വേണ്ടി തയ്യാറെടുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. സെപ്‌തംബർ 5,12, 15 തീയതികളിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ യുഎഇയിലെ ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്ന ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സൗദി അറേബ്യയിലേക്ക് പ്രീ സീസണിന് പോകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതിനാൽ റൊണാൾഡൊക്കെതിരെ ഇറങ്ങാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാകില്ലെന്നുറപ്പായി.

ഡ്യുറന്റ് കപ്പിൽ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്‌സി, മുൻ ജേതാക്കളായ ഗോകുലം കേരള, ഇന്ത്യൻ എയർ ഫോഴ്‌സ് എഫ്‌ടി എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ് സ്ഥാനം പിടിച്ചിരിക്കുന്നത്. അതിൽ തന്നെ മികച്ച പോരാട്ടം നടക്കാനുള്ള സാധ്യതയുണ്ട്. അതിനു ശേഷം കരുത്തരായ ടീമുകൾക്കെതിരെയുള്ള പ്രീ സീസൺ കൂടിയാകുമ്പോൾ സീസണിന് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും.

Kerala Blasters Pre Season Dates Confirmed