കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗതി മാറ്റിയ പരിശീലകൻ, ഇവാനാശാനെ വിമർശിക്കുന്നവർ ഈ കണക്കുകൾ തീർച്ചയായും കാണണം | Ivan Vukomanovic

കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിൽ പഞ്ചാബ് എഫ്‌സി ഒഡിഷ എഫ്‌സിയോട് തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ പ്ലേഓഫിലേക്ക് മുന്നേറി. ജംഷഡ്‌പൂരിനെതിരായ മത്സരത്തിന് ശേഷം ഒരു പോയിന്റ് കൂടിയുണ്ടെങ്കിൽ പ്ലേഓഫിലേക്ക് മുന്നേറാമെന്ന സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് വെല്ലുവിളിയായിരുന്ന ഒരു ടീമായ പഞ്ചാബിന്റെ തോൽവിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.

ഈ സീസണിലും പ്ലേ ഓഫ് കടന്നതോടെ തുടർച്ചയായ മൂന്നാമത്തെ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ നേട്ടം കൈവരിക്കുന്നത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായി വന്നതിനു ശേഷമാണ് പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത്രയും സ്ഥിരത കാണിക്കാൻ തുടങ്ങിയത്. അതിനു മുൻപുള്ള സീസണുകളിൽ ഒരു സീസണിൽ ഫോമാണെങ്കിൽ അടുത്ത സീസണിൽ ദയനീയമായ പ്രകടനം നടത്തിയിരുന്ന ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച 2014 വർഷത്തിലും അതിനു ശേഷം 2016ലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. 2016ൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് വന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ വലിയൊരു നേട്ടം. അതിനു ശേഷം പ്ലേ ഓഫ് കാണാൻ കഴിയാതിരുന്ന ടീമിലേക്ക് ഇവാൻ വുകോമനോവിച്ച് വന്നതിനു ശേഷമാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.

ഇവാൻ പരിശീലകനായി വന്ന ആദ്യത്തെ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീം ഫൈനൽ കളിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തു വന്ന ടീം പ്ലേ ഓഫിൽ ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ ഇറങ്ങിപ്പോയതിനെ തുടർന്നാണ് പുറത്താകുന്നത്. ഈ സീസണിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീം ആ സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യതയുള്ളത്.

മൂന്നു സീസണുകളായിട്ടും ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും ഇവാന് കീഴിൽ ടീമിന്റെ കുതിപ്പ് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്. അസ്ഥിരമായ ഫോമിലുണ്ടായിരുന്ന ഒരു ടീമിനെ സ്ഥിരതയിലേക്ക് നയിക്കാൻ കഴിഞ്ഞ അദ്ദേഹം ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികളുടെ ഇടയിലും സ്വന്തമാക്കിയ ഈ നേട്ടത്തെ കണ്ടില്ലെന്നു നടിക്കാൻ ആരാധകർക്ക് കഴിയില്ല.

Kerala Blasters Qualified For Play Offs