ഇന്ത്യൻ സൂപ്പർലീഗ് കിരീടം നേടാൻ ‘കാശ്‌മീരി റൊണാൾഡോ’യെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ടോപ് ഫോറിനായി പൊരുതിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതെങ്കിലും താരത്തെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് അവസാനമാകുന്നു. ജനുവരി ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സർപ്രൈസ് സൈനിങ്‌ നടന്നത്. ജനുവരി ജാലകത്തിൽ രണ്ടു താരങ്ങളെ വിട്ടു കൊടുത്തതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

ബംഗളൂരു എഫ്‌സിയുടെ ഇന്ത്യൻ താരമായ ഡാനിഷ് ഫാറൂഖ് ഭട്ടിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തിയാറുകാരനായ താരം അടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരും. കാശ്‌മീരിൽ നിന്നുമുള്ള ഇരുപത്തിയാറു വയസുള്ള താരം 2021ലാണ് ബംഗളൂരുവിലെത്തുന്നത്. അതിനു ശേഷം പതിമൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ താരം നേടി. ഈ സീസണിൽ പത്ത് മത്സരങ്ങൾ കളിച്ച് ഒരു ഗോളാണ് ഡാനിഷ് ഫാറൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

കാശ്‌മീരി റൊണാൾഡോയെന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ഡാനിഷ് ഫാറൂഖ്. പന്തടക്കവും ഡ്രിബ്ലിങ് ശേഷിയും മധ്യനിരയിൽ നിന്നും ഗോളുകൾ നേടാനുള്ള കഴിവും താരത്തിനുണ്ട്. ലെഫ്റ്റ് മിഡ്‌ഫീൽഡിൽ കളിക്കുന്ന താരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശൈലിയുമായി സാമ്യതയുള്ളതു കൊണ്ടാണ് ആരാധകർ ഈ പേരിട്ടത്. 2016ൽ റിയൽ കാശ്‌മീർ ക്ലബിൽ അരങ്ങേറ്റം നടത്തിയ ഡാനിഷ് ഫാറൂഖ് 2017-18 സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്നു.

ജനുവരിയിൽ രണ്ടു മധ്യനിരതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു പിന്നാലെയാണ് ഒരു താരത്തെ ടീം സ്വന്തമാക്കിയത്. പൂട്ടിയ, ഗിവ്‌സൺ സിങ് എന്നിവരാണ് എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്‌സി എന്നീ ക്ലബുകളിലേക്ക് ചേക്കേറിയത്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കളിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ടീമിനെ സഹായിക്കാൻ കാശ്‌മീരി താരത്തിന് കഴിയുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.