ഗോളുകൾ അടിച്ചുകൂട്ടാൻ മറ്റൊരു വിദേശതാരം കൂടി, ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർകപ്പിലും ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിൽ ആരാധകർക്ക് വളരെയധികം അതൃപ്‌തിയുണ്ട്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധകപ്പട ഒപ്പമുണ്ടായിട്ടും ഇപ്പോഴും ഐഎസ്എൽ ക്ലബുകളിൽ ഒരു കിരീടം പോലും നേടാനാവാത്ത രണ്ടു ടീമുകളിൽ ഒന്നാണ് കൊമ്പന്മാർ. ഇതോടെ അടുത്ത സീസണിൽ ടീമിനെ കൂടുതൽ മികച്ചതാക്കി കിരീടത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കയാണ്.

അടുത്ത സീസണിൽ കിരീടമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്ന് ഒരു വിദേശതാരത്തെ സ്വന്തമാക്കിയ വിവരം ക്ലബ് മിനിട്ടുകൾക്ക് മുൻപ് പ്രഖ്യാപനം നടത്തുകയുണ്ടായി. ഓസ്‌ട്രേലിയൻ ലീഗിൽ ന്യൂകാസിൽ ജെറ്റ്സിനു വേണ്ടി വിങ്ങറായി കളിച്ചിരുന്ന ജൗഷുവ സോറ്റീരിയോയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് ഗോളുകൾ ഉറപ്പ് നൽകുന്ന താരം രണ്ടു വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

ഇരുപത്തിയേഴുകാരനായ ജൗഷുവ മാർക്കോണി സ്റ്റാലിയൻസിലൂടെയാണ് തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ് ക്ലബ്ബിലേക്ക് ചേക്കേറിയ താരം എണ്പത്തിയൊന്നു മത്സരങ്ങളിൽ 11 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നീട് വെല്ലിങ്‌ടൺ ഫീനിക്‌സിനായി 65 മത്സരങ്ങളിൽ 1 4 ഗോളും ന്യൂകാസിൽ ജെറ്റ്സിനു വേണ്ടി 23 മത്സരങ്ങളിൽ 3 ഗോളുകളും നേടിയ താരം ഓസ്‌ട്രേലിയ അണ്ടർ 20, 23 ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറായ ദിമിത്രിയോസ് നിരവധി ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. വിങ്ങിലൂടെ പറന്നു കയറി ദിമിത്രിയോസിനു അവസരങ്ങൾ സൃഷ്ടിക്കാനും അതിനൊപ്പം തന്നെ ഗോളുകൾ അടിച്ചു കൂട്ടാനും കഴിയുന്ന ഒരു താരത്തെ ടീമിന് ആവശ്യമാണ്. ജൗഷുവായുടെ സൈനിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിയേഴു വയസ് മാത്രമുള്ളതിനാൽ താരത്തെ കൂടുതൽ കാലം ഉപയോഗിക്കാനും ക്ലബിന് കഴിയും.

Kerala Blasters Signed Australian Winger Jaushua Sotirio From Newcastle Jets