ലീഗ് കിരീടം നേടിയ ബാഴ്‌സയുടെ ആഘോഷങ്ങളിൽ പങ്കു ചേർന്ന് സർപ്രൈസ് അതിഥി | Barcelona

കഴിഞ്ഞ ദിവസം എസ്‌പാന്യോളിനെ കീഴടക്കിയതോടെ തങ്ങളുടെ ഇരുപത്തിയേഴാം ലീഗ് കിരീടമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് എസ്പാന്യോളിനെ തോൽപ്പിച്ചതോടെ ഇനി നാല് മത്സരം ബാക്കി നിൽക്കെയാണ് ലീഗ് കിരീടം ബാഴ്‌സയ്ക്ക് സ്വന്തമായത്. കഴിഞ്ഞ സീസണിൽ ടോപ് ഫോർ പ്രതീക്ഷ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് പോയ ടീം ഈ സീസണിൽ കിരീടം നേടിയത് ആവേശകരമായ കാര്യം തന്നെയാണ്.

അതേസമയം ബാഴ്‌സലോണയുടെ കിരീടവിജയത്തിന്റെ ആഘോഷത്തിൽ ഒരു അപ്രതീക്ഷിത അതിഥി കൂടി പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജെറാർഡ് റൊമേറോയുടെ റിപ്പോർട്ടുകൾ പ്രകാരം മുൻ ബാഴ്‌സലോണ താരവും ഇപ്പോൾ പിഎസ്‌ജി ഫോർവേഡുമായ നെയ്‌മർ ജൂനിയറാണ് ബാഴ്‌സലോണയുടെ ആഘോഷത്തിനൊപ്പം പങ്കെടുത്തത്. രഹസ്യമായാണ് താരം മുൻ ക്ലബിന്റെ ആഘോഷങ്ങളിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഒരു നൈറ്റ് ക്ലബിൽ വെച്ചാണ് ബാഴ്‌സലോണ കിരീടവിജയം നേടിയതിനു ശേഷമുള്ള ആഘോഷങ്ങൾ നടത്തിയത്. ഇവിടേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായാണ് നെയ്‌മർ എത്തിയത്. നിലവിൽ പരിക്കിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന താരം പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്നില്ല. താരം ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് സഹതാരങ്ങളായിരുന്ന ടെർ സ്റ്റീഗൻ, സെർജി റോബർട്ടോ, ജോർദി ആൽബ, ബുസ്‌കിറ്റ്‌സ് എന്നിവർ ഇപ്പോഴും ടീമിനൊപ്പമുണ്ട്.

ഈ സീസണിന് ശേഷം നെയ്‌മർ പിഎസ്‌ജി വിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വർധിപ്പിക്കുന്ന ഒരു സംഭവമാണിതെന്ന് ആരാധകർ കരുതുന്നു. എന്നാൽ നിലവിൽ ബ്രസീലിയൻ താരത്തെ തിരിച്ചു ടീമിലെത്തിക്കാൻ ബാഴ്‌സലോണ ആലോചിക്കുന്നു പോലുമില്ല. ലയണൽ മെസിയെ ടീമിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് ബാഴ്‌സലോണ നീക്കങ്ങൾ നടത്തുന്നത്.

Neymar Junior Was Present At Barcelona La Liga Title Celebrations