അപ്രതീക്ഷിത പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, വമ്പൻ സൈനിങ്‌ പൂർത്തിയാക്കി കൊമ്പന്മാർ | Kerala Blasters

ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഗോകുലം കേരളയോട് ഞെട്ടിക്കുന്ന രീതിയിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിനു പിന്നാലെ വിദേശതാരത്തിന്റെ സൈനിംങ് പ്രഖ്യാപിച്ചു. മോണ്ടിനെഗ്രോയിൽ നിന്നും ഇരുപത്തിനാലു വയസുള്ള മീലൊസ് ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിൽ താരം ക്ളബിലെത്തിയ വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇരുപത്തിനാലാം വയസിൽ തന്നെ 230ഓളം മത്സരങ്ങൾ കളിച്ച താരമാണ് ഡ്രിങ്കിച്ച്. മോണ്ടിനെഗ്രോയിലെയും ബെലാറസിലെയും ടോപ് ടയർ ക്ലബുകൾക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. 2016ൽ മോണ്ടിനെഗ്രോ ക്ലബായ ഇസ്‌ക്ര ഡാനിലോവ്ഗ്രാഡിൽ കരിയർ തുടങ്ങിയ താരം അവസാനമായി കളിച്ചത് ബെലാറൂസിയൻ ക്ലബായ ശക്തർ സോളിഗോർസ്‌കിന് വേണ്ടിയായിരുന്നു. നിരവധി നേട്ടങ്ങളും കളിച്ച ക്ലബുകളിൽ താരം സ്വന്തമാക്കി.

പ്രൊഫെഷണൽ കരിയറിൽ മൂന്നു ക്ലബുകൾക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള താരമായ ഡ്രിങ്കിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ കോൺഫറൻസ് ലീഗ് എന്നിവയുടെ ക്വാളിഫയർ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ അണ്ടർ 17 അണ്ടർ 19, അണ്ടർ 23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം പക്ഷെ സീനിയർ ടീമിനായി ഇതുവരെ മത്സരങ്ങളിൽ ഇറങ്ങിയിട്ടില്ല.

1.95 മീറ്റർ ഉയരമുള്ള താരം കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പുതിയൊരു കരുത്ത് നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇത്തരമൊരു സൈനിങ്‌ നടത്തിയതിലൂടെ അടുത്ത സീസണെ ഗൗരവമായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കാണുന്നതെന്നു വ്യക്തമാണ്.

Kerala Blasters Signed Milos Drincic