വിസിൽ മുഴങ്ങിയതിനു ശേഷം കാണിച്ചു തരാം, മെസിക്ക് മുന്നറിയിപ്പുമായി എതിർടീം പരിശീലകൻ | Messi

ഇന്റർ മിയാമിയിൽ ലയണൽ മെസിയുടെ നാളുകൾ ഏറ്റവും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. അരങ്ങേറ്റം നടത്തിയതിനു ശേഷം അഞ്ചു മത്സരങ്ങളിൽ ഇറങ്ങിയ താരം അതിൽ അഞ്ചെണ്ണത്തിലും ഗോളുകൾ നേടി. എട്ടു ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്കും ഇന്റർ മിയാമി മുന്നേറിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.

ലയണൽ മെസിയെ സംബന്ധിച്ച് ഇന്റർ മിയാമിക്കൊപ്പം ഇതുവരെ കളിച്ചതിനേക്കാൾ ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും ഫിലാഡൽഫിയ യൂണിയനെതിരെയുള്ളത്. അവരുടെ മൈതാനത്താണ് മത്സരമെന്നത് ഇന്റർ മിയാമിക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. കഴിഞ്ഞ ഇരുപത്തിയെട്ടു ഹോം മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഫിലാഡൽഫിയ യൂണിയൻ തോൽവി വഴങ്ങിയിരിക്കുന്നത്. ലയണൽ മെസിക്കും സംഘത്തിനും അവരുടെ പരിശീലകൻ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

“ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ ഞങ്ങളുടെ സ്റ്റേഡിയത്തിൽ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഞങ്ങളുടെ സ്റ്റേഡിയം ഇതുവരെയുണ്ടായതിൽ ഏറ്റവും ശബ്‌ദമുഖരിതമാകും എന്നു കരുതുന്നു. വലിയൊരു മത്സരമാകുമിത്. ലോകത്തിലെ ഏറ്റവും മികച്ച താരം സെമി ഫൈനലിലേക്ക് ഒരു കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലക്ഷ്യമാക്കി വരുന്നു. വലിയൊരു മത്സരമായതിനാൽ തന്നെ ആരാധകർ ആ രീതിയിൽ തന്നെ ആവേശഭരിതമാക്കുമെന്ന് കരുതുന്നു.” മാനേജർ ജിം കർട്ടിൻ പറഞ്ഞു.

“മെസിക്കെതിരെ കളിക്കുന്നത് ഒരു അഭിമാനകരമായ കാര്യമാണ്. എന്നാൽ ആദ്യത്തെ വിസിൽ മുഴങ്ങുന്നത് മുതൽ ഞങ്ങളുടെ ആരാധകർ ഏറ്റവും മികച്ചത് നൽകുമെന്നുറപ്പാണ്. മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിങ്ങനെ ആരു വന്നാലും അതൊരു പ്രശ്‌നമല്ല. സ്വയം വിശ്വസിച്ച് ഞങ്ങളുടെ മത്സരം കളിക്കുക. പിന്തുണക്കുന്ന ആരാധകർക്കൊപ്പം, ആരവം മുഴങ്ങുന്ന സ്റ്റേഡിയത്തിൽ എങ്ങിനെ കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഞങ്ങൾക്ക് പേടിയില്ല.” അദ്ദേഹം വ്യക്തമാക്കി.

Philadelphia Union Coach Warns Messi