ഡ്രിങ്കിച്ച് ട്രാൻസ്‌ഫർ മികച്ചതു തന്നെ, എന്നാൽ ബ്ലാസ്റ്റേഴ്‌സിനു മുന്നിൽ വലിയൊരു പ്രതിസന്ധിയുണ്ട് | Milos Drincic

ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസമാണ് ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം വന്നു ചേർന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പുതിയൊരു വിദേശതാരത്തിന്റെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. മോണ്ടിനെഗ്രോയുടെ ഇരുപത്തിനാലുകാരനായ പ്രതിരോധതാരം മിലോസ് ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഒരു വർഷത്തെ കരാറാണ് താരം ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിട്ടത്.

മോണ്ടിനെഗ്രോ, ബെലറൂസിയൻ ലീഗുകളിലാണ് ഇതുവരെ ഡ്രിങ്കിച്ച് കളിച്ചിരിക്കുന്നത്. ഇരുനൂറിലധികം മത്സരങ്ങളിൽ താരം ഈ പ്രായത്തിൽ തന്നെ ബൂട്ടു കെട്ടി. രണ്ടു കിരീടങ്ങളും സ്വന്തമാക്കിയ താരം യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ കോൺഫറൻസ് ലീഗ് എന്നീ ടൂർണമെന്റുകളുടെ യോഗ്യത മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരുന്ന സൈനിങാണിത്.

എന്നാൽ ഡ്രിങ്കിച്ചിന്റെ മികവിനെക്കുറിച്ച് പറയുമ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയൊരു ആശങ്കയുമുണ്ട്. കഴിഞ്ഞ സീസണിൽ താരത്തിനേറ്റ പരിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശങ്ക സമ്മാനിക്കുന്നത്. കഴിഞ്ഞ സീസണിൽ 148 ദിവസമാണ് താരത്തിന് പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നത്. 2023ൽ ടീം കളിച്ച പതിനെട്ടു മത്സരങ്ങളിൽ പതിനഞ്ചും നഷ്‌ടമായ താരം ജൂലൈ 29നു നടന്ന മത്സരത്തിലാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്.

നേരത്തെ ഓസ്‌ട്രേലിയയിൽ നിന്നും ടീമിലെത്തിച്ച ജോഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികളെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. പുതിയൊരു മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുകയും ചെയ്യുന്നു. സമാനമായ രീതിയിൽ ഡ്രിങ്കിച്ചിനും പരിക്കേറ്റാൽ അത് ടീമിന്റെ അടുത്ത സീസണെ തളർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Milos Drincic Suffered Injury Last Season