എത്ര പണം നൽകിയാലും അത് ചെയ്യരുതേ, മെസിപ്പേടിയിൽ ആരാധകരോട് അഭ്യർത്ഥനയുമായി പരിശീലകൻ | Messi

ലയണൽ മെസി എത്തിയതിനു ശേഷമുള്ള ഇന്റർ മിയാമിയുടെ പ്രകടനം അതിഗംഭീരമാണ്. ഈ സീസണിൽ മോശം ഫോമിലായിരുന്ന ഇന്റർ മിയാമി ലയണൽ മെസി വന്നതിനു ശേഷം കളിച്ച അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ഈ വിജയങ്ങളുടെ പിൻബലത്തിൽ ലീഗ് കപ്പിന്റെ സെമി ഫൈനലിലെത്താനും അവർക്ക് കഴിഞ്ഞു. രണ്ടു വിജയം കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ ഇന്റർ മിയാമിക്ക് ക്ലബ് ചരിത്രത്തിലെ തന്നെ ആദ്യത്തെ കിരീടവും സ്വന്തമാക്കാൻ കഴിയും.

അതേസമയം സെമി ഫൈനലിൽ ഇന്റർ മിയാമിയുടെ എതിരാളികൾ എംഎൽഎസിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ ഫിലാഡൽഫിയ യൂണിയനാണ്. അവരുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത് എന്നതിനാൽ തന്നെ മെസിക്കും സംഘത്തിനും മത്സരം ബുദ്ധിമുട്ടേറിയതായി മാറുമെന്നുറപ്പാണ്. ആരാധകർ വളരെ മികച്ച രീതിയിൽ പിന്തുണ നൽകുന്ന ക്ലബുകളിൽ ഒന്നായതിനാൽ തന്നെ അതിന്റെ പിൻബലത്തിൽ ഇന്റർ മിയാമിയെ തോൽപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഫിലാഡൽഫിയ യൂണിയൻ പരിശീലകൻ ജിം കർട്ടിൻ.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം ആരാധകരോട് ഒരു പ്രത്യേക അഭ്യർത്ഥനയും നടത്തുകയുണ്ടായി. ലയണൽ മെസി കളിക്കുന്നു എന്നതിനാൽ തന്നെ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. എന്നാൽ തങ്ങൾക്ക് ലഭിച്ച ടിക്കറ്റുകൾ എത്ര പണം നൽകിയാലും മറ്റുള്ളവർക്ക് നൽകരുതെന്നാണ് ക്ലബിന്റെ ആരാധകരോട് അദ്ദേഹം ആവശ്യപ്പെട്ടത്. സ്റ്റേഡിയത്തിൽ മികച്ച പിന്തുണ ലഭിക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.

ലയണൽ മെസി ഇറങ്ങുന്ന മത്സരമായതിനാൽ തന്നെ സെമി ഫൈനലിന്റെ ടിക്കറ്റുകൾ വിറ്റു പോകാൻ വെറും എട്ടു മിനുട്ട് മാത്രമാണ് വേണ്ടി വന്നത്. ഇതിൽ മെസി ആരാധകർ എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. ഇതിനു മുൻപ് ലയണൽ മെസി എവേ ഗ്രൗണ്ടിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചത് എഫ്‌സി ഡള്ളാസിനെതിരെയാണ്. മത്സരത്തിൽ തോൽവി വഴങ്ങുന്നതിന്റെ അരികിലെത്തിയ ഇന്റർ മിയാമി പിന്നീട് മെസിയുടെ മികവിൽ തിരിച്ചു വന്ന് വിജയം നേടുകയാണുണ്ടായത്.

Messi Plea Made By Philadelphia Union Coach