നെയ്‌മറും അക്കാര്യം ശരി വെച്ചു, ഇതിനെല്ലാം പിന്നിൽ കളിച്ചത് എംബാപ്പെ തന്നെ | Neymar

സൗദി അറേബ്യയിലേക്ക് നെയ്‌മർ ചെക്കറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ താരത്തിനായി സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും നെയ്‌മർ അത് വേണ്ടെന്നു വെക്കുകയായിരുന്നു. യൂറോപ്പിൽ തന്നെ തുടരാനാണ് നെയ്‌മർ ആഗ്രഹിച്ചിരുന്നതെങ്കിലും ഇപ്പോൾ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ നിൽക്കുകയാണ്.

ലൂയിസ് എൻറിക് പരിശീലകനായി എത്തിയതോടെ നെയ്‌മർ പിഎസ്‌ജിയിൽ തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എംബാപ്പെ പിഎസ്‌ജി വിടുമെന്ന വാർത്തകൾ ശക്തമാവുകയും താരത്തെ ഒഴിവാക്കാൻ ക്ലബ് സമ്മർദ്ദം ചെലുത്തുകയും ചെയ്‌തതോടെ എല്ലാവരും അതുറപ്പിക്കുകയും ചെയ്‌തു. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറി മറഞ്ഞപ്പോൾ നെയ്‌മർ പിഎസ്‌ജി വിടുകയാണ് ചെയ്‌തത്‌. ക്ലബ് വിടുമെന്ന് പ്രതീക്ഷിച്ച എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.

ഇതോടെ എംബാപ്പയുടെ തന്ത്രങ്ങളാണ് നെയ്‌മർ പിഎസ്‌ജിയിൽ നിന്നും പുറത്തു പോകാൻ കാരണമായതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ബ്രസീലിയൻ താരം തന്നെ അതിനെ ശരിവെക്കുന്ന രീതിയിലാണ് പുതിയ സംഭവവികാസങ്ങൾ. നെയ്‌മർ പുറത്തു പോകാൻ എംബാപ്പെ കാരണമായിട്ടുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റാഗ്രാം പേജിൽ വന്ന പോസ്റ്റിൽ ബ്രസീലിയൻ താരം ലൈക്ക് ചെയ്‌തിട്ടുണ്ട്‌. ആ പോസ്റ്റിനെ ശരി വെക്കുന്ന തരത്തിലാണ് നെയ്‌മറുടെ പ്രതികരണം.

കഴിഞ്ഞ സീസണിൽ നെയ്‌മറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം എംബാപ്പെ ഉന്നയിച്ചിരുന്നുവെന്നും താനും ബ്രസീലിയൻ താരവും ഒരുമിച്ച് പോകില്ലെന്ന് അറിയിച്ചതായുമുള്ള റിപ്പോർട്ടുകളെപ്പറ്റി ഈ പേജിൽ പറയുന്നു. അതിനു ശേഷം നെയ്‌മർ അൽ ഹിലാലിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പു പൂർത്തിയാക്കിയപ്പോൾ ക്ലബ് വിടാൻ നിന്ന എംബാപ്പെ വളരെ സന്തോഷത്തോടെ ട്രെയിനിങ് ആരംഭിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു. ഈ പോസ്റ്റിനാണ് നെയ്‌മർ ലൈക്ക് ചെയ്‌തിരിക്കുന്നത്‌.

ഈ കാര്യങ്ങളെല്ലാം വെച്ച് നോക്കുമ്പോൾ നെയ്‌മർ പിഎസ്‌ജി വിട്ടതിൽ എംബാപ്പെയുടെ കരുനീക്കങ്ങൾ നടന്നിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. എന്തായാലും എംബാപ്പെ ആഗ്രഹിച്ചതു പോലെ തന്നെ പിഎസ്‌ജി എന്ന ക്ലബിന്റെ മുഖമായി താരം ഒറ്റക്കാണിപ്പോൾ നിൽക്കുന്നത്. ഇതോടെ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ മങ്ങിയിട്ടുണ്ടെന്നും പറയാതെ വയ്യ.

Neymar Liked Post That Mbappe Wanted Him Leave