യൂറോപ്പിൽ എതിരാളികളില്ലാതാവണം, എംബാപ്പയുടെ തന്ത്രത്തിൽ നെയ്‌മർ വീണു | Neymar

നെയ്‌മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളായ നെയ്‌മർ മുപ്പത്തിയൊന്നാം വയസിലാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. താരത്തിന്റെയും ബ്രസീലിന്റെയും ആരാധകർക്ക് ഈ ട്രാൻസ്‌ഫറിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ലൂയിസ് എൻറിക് പരിശീലകനായി എത്തിയതോടെ നെയ്‌മർ പിഎസ്‌ജിയിൽ തുടരുമെന്നാണ് പ്രതീക്ഷിച്ചത്. പ്രീ സീസൺ മത്സരങ്ങളിൽ താരം മികച്ച പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ അതിനു ശേഷം അപ്രതീക്ഷിതമായി കാര്യങ്ങളിൽ മാറ്റമുണ്ടായി. ക്ലബ് വിടാനുള്ള ആഗ്രഹം ബ്രസീലിയൻ താരം പിഎസ്‌ജിയെ അറിയിക്കുകയും അവർ സമ്മതം മൂളുകയും ചെയ്‌തു. എന്നാൽ ഇതിനെല്ലാം പിന്നിൽ എംബാപ്പയുടെ തന്ത്രമുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

ഗ്ലോബ്‌സ്‌പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ പിഎസ്‌ജി വിടുമെന്ന രീതിയിൽ പ്രചരിച്ച അഭ്യൂഹങ്ങളെല്ലാം ഇതിന്റെ ഭാഗമായിരുന്നു. നെയ്‌മറെ ക്ലബിൽ നിന്നും ഒഴിവാക്കുകയും താരത്തിന് പകരം ഡെംബലെയെ എത്തിക്കുകയുമായിരുന്നു എംബാപ്പയുടെ ലക്‌ഷ്യം. താൻ ക്ലബ് വിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ എംബാപ്പെ ചില കമ്പനികൾക്ക് കരാർ നൽകിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ടുകളെ സാധൂകരിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതുവരെ പിഎസ്‌ജി സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്താതിരുന്ന എംബാപ്പയെ ടീമിന്റെ ഭാഗമാക്കുമെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. നെയ്‌മർ ക്ലബ് വിടാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഈ വഴിത്തിരിവുണ്ടായത്. എംബാപ്പെ പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിടുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ബാഴ്‌സലോണയിൽ തുടരുമെന്ന് പ്രതീക്ഷിച്ച ഡെംബലെയെയും പിഎസ്‌ജി ടീമിലെത്തിച്ചിരുന്നു.

Mbappe Push Neymar Out Of PSG