സൗദി അറേബ്യയിലേക്ക് പോകുമ്പോഴും ബ്രസീൽ മനസിലുണ്ട്, നെയ്‌മർക്കു മുന്നിലുള്ളത് വലിയ പദ്ധതികൾ | Neymar

ബ്രസീലിയൻ താരമായ നെയ്‌മർ ജൂനിയർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലുമായി കരാറൊപ്പിടാൻ തയ്യാറെടുക്കുന്നതിന്റെ ഞെട്ടലിലാണ് ആരാധകർ. താരം പിഎസ്‌ജി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യൂറോപ്പിൽ തന്നെ തുടരുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ തീരുമാനമെടുക്കുന്നത്. താരം അടുത്ത ദിവസം തന്നെ സൗദി ക്ലബ്ബിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെറും മുപ്പത്തിയൊന്നു വയസ് മാത്രം പ്രായമുള്ള, ലോകത്തിലെ തന്നെ ഏറ്റവും പ്രതിഭയുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളായ നെയ്‌മർ സൗദി അറേബ്യയിൽ കളിക്കുന്നതിൽ താരത്തിന്റെ ആരാധകർക്ക് വലിയ അതൃപ്‌തിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇത് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിലും അതിനു മൂന്നു വർഷത്തിന് ശേഷം നടക്കുന്ന ലോകകപ്പിലും ബ്രസീൽ ദേശീയ ടീമിന് തിരിച്ചടി നൽകുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

എന്നാൽ കൃത്യമായ പദ്ധതികളോടെ തന്നെയാണ് നെയ്‌മർ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറുന്നതെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. നിലവിൽ നെയ്‌മർ രണ്ടു വർഷത്തെ കരാറാണ് സൗദി ക്ലബുമായി ഒപ്പിടാൻ പോകുന്നത്. ഈ കരാർ വഴി നിലവിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി പ്രതിഫലം ഓരോ സീസണിലും താരത്തിന് ലഭിക്കും. രണ്ടു വർഷം കഴിഞ്ഞാൽ കരാർ പുതുക്കുകയോ, അല്ലെങ്കിൽ സൗദി അറേബ്യ വിടുകയോ ചെയ്യാം.

റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തിന് ശേഷം സൗദി അറേബ്യ വിട്ട് യൂറോപ്പിലേക്ക് തിരിച്ചു വരാൻ തന്നെയാണ് നെയ്‌മർ ഉദ്ദേശിക്കുന്നത്. 2025ൽ യൂറോപ്പിലേക്ക് തിരിച്ചു വന്ന് അതിന്റെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുകയാണ് നെയ്‌മറുടെ ലക്‌ഷ്യം. ഒരുപക്ഷെ ബ്രസീൽ ജേഴ്‌സിയിൽ താരത്തിന്റെ അവസാനത്തെ ലോകകപ്പാകാൻ സാധ്യതയുള്ള 2026ലെ ടൂർണമെന്റിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ് നെയ്‌മറുടെ ലക്‌ഷ്യം.

അതേസമയം സൗദിയിലേക്കുള്ള ട്രാൻസ്‌ഫർ നെയ്‌മറുടെ ബ്രസീലിയൻ ടീമിലെ സ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മാർട്ടിനെല്ലി എന്നിവർ യൂറോപ്പ്യൻ ഫുട്ബോളിൽ ഉയർന്നു വരികയും നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി പരിശീലകനായി എത്തുകയും ചെയ്‌താൽ അത് സംഭവിക്കില്ലെന്ന് പറയാൻ കഴിയില്ല.

Neymar Will Return To Europe In 2025