ബാക്കിയുള്ളത് അഞ്ചു മത്സരങ്ങൾ, ഒഡിഷയുടെ തോൽവിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാമത്തെ പകുതി ആരംഭിച്ചപ്പോൾ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം രണ്ടാം പകുതിയിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും തോൽവി വഴങ്ങി. ഗോവക്കെതിരെ മികച്ചൊരു വിജയം നേടി പ്രതീക്ഷ നൽകിയെങ്കിലും ബെംഗളൂരുവിനെതിരെ തോൽവി വഴങ്ങിയതോടെ അതില്ലാതായി.
എന്നാൽ ഇന്നലെ ഒഡിഷയും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സി തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ കൂടിയാണ് വർധിച്ചത്. നിലവിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന കൊമ്പന്മാർക്ക് കിരീടം നേടാമെന്ന പ്രതീക്ഷ ഈ തോൽവി നൽകിയിട്ടുണ്ട്. എന്നാൽ അതിനു മറ്റു ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമാവണം.
📊 Updated ISL Table
• Odisha dropped 3 points#KBFC pic.twitter.com/32b0CjGiW9
— KBFC XTRA (@kbfcxtra) March 3, 2024
ഒഡിഷ, മുംബൈ സിറ്റി, മോഹൻ ബഗാൻ, ഗോവ എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. ഇതിൽ മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം മൈതാനത്ത് മത്സരമുള്ളത് പ്രതീക്ഷകളെ വർധിപ്പിക്കുന്നു. ഈ ടീമുകൾ രണ്ടു മത്സരത്തിൽ തോൽവി വഴങ്ങിയാൽ അത് സജീവമാകും. ഇനി അഞ്ചു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ബാക്കിയുള്ളതെങ്കിൽ ഒഡിഷക്ക് നാലും മോഹൻ ബഗാൻ, ഗോവ എന്നിവർക്ക് ആറും മത്സരങ്ങൾ ബാക്കിയുണ്ട്.
അതേസമയം കിരീടപ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് വിജയം നേടണം. മോഹൻ ബഗാൻ, ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നിവർക്കെതിരെയാണ് ടീമിന്റെ ഇനിയുള്ള മത്സരങ്ങൾ. ഇതിൽ മോഹൻ ബഗാൻ ഒഴികെയുള്ളവർ ബ്ലാസ്റ്റേഴ്‌സിന് തോൽപ്പിക്കാൻ കഴിയുന്ന ടീമുകളുമാണ്.
ആറാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം കടുത്തതോടെ മോശം ഫോമിലുണ്ടായിരുന്ന ടീമുകളെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്. അതൊരു തരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാണെങ്കിലും അതുപോലെ മറ്റു ടീമുകൾക്കും അവർ വെല്ലുവിളി സൃഷ്‌ടിക്കുന്നത് ഗുണമായി മാറാനിടയുണ്ട്. എന്തായാലും ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം നേടുകയെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രധാനമാണ്.
Kerala Blasters Still Have Hope To Win ISL