കേരള ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിൽ കളിക്കാൻ സാധ്യത

ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു മാസത്തിലധികം സമയം മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുമോയെന്ന് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരമായ അപോസ്തോലോസ് ജിയാനുവിന്റെ കാര്യത്തിലാണ് ലോകകപ്പ് പ്രതീക്ഷകൾ നിലനിൽക്കുന്നത്. സ്‌ട്രൈക്കറായ താരം ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരത്തിൽ കളിക്കാനിറങ്ങിയിരുന്നു.

മുപ്പത്തിരണ്ട് വയസുള്ള താരം ഗ്രീസ് ദേശീയ ടീമിനും ഓസ്‌ട്രേലിയൻ ദേശീയ ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. ആദ്യം ഓസ്‌ട്രേലി U17 ടീമിൽ കളിച്ച താരം പിന്നീട് ഗ്രീസിന്റെ U19, U21 ടീമുകൾക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. അതിനു ശേഷം ഗ്രീസ് സീനിയർ ടീമിനായി ഒരു മത്സരം മാത്രം കളിച്ചതിനു ശേഷം 2016 മുതലാണ് ഓസ്‌ട്രേലിയൻ ടീമിലേക്കെത്തിയത്. ഓസ്‌ട്രേലിയക്കായി പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

ഓസ്‌ട്രേലിയയുടെ എഎഫ്‌സി ഏഷ്യൻ കപ്പ് 2023 യോഗ്യത മത്സരങ്ങൾക്കും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുമുള്ള പ്രാഥമിക സ്‌ക്വാഡിൽ ഇടം നേടിയ താരമാണ് ജിയാനു. എന്നാൽ കുവൈറ്റിൽ വെച്ചു നടന്ന ക്യാമ്പിനിടെ പരിക്കു പറ്റിയത് താരത്തിന് വലിയ തിരിച്ചടിയാണ് നൽകിയത്. ഇതിനു ശേഷം പിന്നീട് ടീമിലേക്ക് തിരിച്ചെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഫുട്ബോളിൽ ഭാഗ്യം കൂടി വേണമെന്നും ചില സമയത്ത് ദൗർഭാഗ്യങ്ങൾ നമുക്ക് വലിയ തിരിച്ചടികൾ നൽകുമെന്നുമാണ് അന്നു തനിക്കേറ്റ പരിക്കിനെ കുറിച്ച് ജിയാനു പ്രതികരിച്ചത്.

ഓസ്‌ട്രേലിയൻ ദേശീയ ടീമിന്റെ ലോകകപ്പ് സ്‌ക്വാഡിൽ ജിയാനു എത്താനുള്ള സാധ്യതകൾ നേർത്തതാണെങ്കിലും അതുണ്ടാകട്ടെയെന്ന് ആരാധകർ ഒന്നടങ്കം പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡ് ഓസ്‌ട്രേലിയ പ്രഖ്യാപിക്കും എന്നിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നേക്കാമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

ഗ്രീസിലെ പ്രധാന ക്ലബായ പിഎഓകെ അടക്കമുള്ള യൂറോപ്യൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ജിയാനു. മുപ്പത്തിരണ്ട് വയസുള്ള താരം ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നെങ്കിലും ഗോളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എടികെക്കെതിരായ നിർണായക മത്സരത്തിൽ താരത്തിന്റെ മികച്ച പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.