ലയണൽ മെസിയുടെ പരിക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം

ലോകകപ്പ് അടുത്തിരിക്കെ ലയണൽ മെസിക്കു പരിക്കേറ്റത് അർജന്റീന ആരാധകർക്ക് ആശങ്ക നൽകിയ കാര്യമായിരുന്നു. ബെൻഫിക്കക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിലാണ് ലയണൽ മെസിക്ക് പരിക്കു പറ്റിയത്. അതിനു ശേഷമിന്നു വരെ ഒരു മത്സരത്തിൽ പോലും താരം ഇറങ്ങിയിട്ടില്ല. എന്നാൽ ലോകകപ്പ് അടുത്തിരിക്കെ സാഹസത്തിനു മുതിരേണ്ടെന്നു കരുതി പരിക്കു പൂർണമായി മാറാൻ വേണ്ടിയാണ് മെസി വിശ്രമം നീട്ടുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ അർജന്റീന ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.

അതേസമയം മെസിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഫ്രഞ്ച് മാധ്യമമായ ആർഎംഎസി ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. ഞായറാഴ്‌ച ഫ്രഞ്ച് ലീഗിൽ മാഴ്‌സയുമായുള്ള മത്സരം നടക്കാനിരിക്കെ ലയണൽ മെസി അതിൽ കളിക്കുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് അവർ പുറത്തു വിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്‌ച നടക്കുന്ന മത്സരവും മെസിക്ക് നഷ്‌ടമാകാൻ തന്നെയാണ് കൂടുതൽ സാധ്യത.

ലയണൽ മെസി പരിക്കിൽ നിന്നും പൂർണമായി മുക്തനായി ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം താരത്തിന്റെ സാഹചര്യം കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്. ശനിയാഴ്‌ച നടക്കുന്ന അവസാന ട്രെയിനിങ് സെഷന് ശേഷമാകും ലയണൽ മെസിയെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പിഎസ്‌ജി അവസാന തീരുമാനം എടുക്കുക. ലോകകപ്പ് അടുത്ത സമയമായതിനാൽ ചെറിയ റിസ്കെടുക്കാൻ പോലും മെസി തയ്യാറാവില്ല എന്നുമുറപ്പാണ്.

ലയണൽ മെസി പുറത്തിരിക്കുമ്പോൾ പിഎസ്‌ജി മികച്ച പ്രകടനം പുറത്തെടുക്കാൻ പതറുന്നുണ്ട്. ബെൻഫിക്കക്കെതിരെ മെസി ടീമിനെ മുന്നിലെത്തിച്ചെങ്കിലും ഡാനിലോയുടെ സെൽഫ് ഗോൾ പോർച്ചുഗീസ് ക്ലബിനു സമനില നൽകിയിരുന്നു. അതിനു ശേഷം മെസിയില്ലാതെ പിഎസ്‌ജി കളിച്ച രണ്ടു മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു. എന്നാൽ ലീഗിൽ പിഎസ്‌ജിയുമായി മൂന്നു പോയിന്റ് മാത്രം വ്യത്യാസത്തിൽ നിൽക്കുന്ന മാഴ്‌സക്കെതിരെ വിജയം നേടേണ്ടത് ഫ്രഞ്ച് ക്ലബിന് അനിവാര്യതയാണ്.

ഈ സീസണിൽ പിഎസ്‌ജിക്കായി മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസി എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അതിനു പരിഹാരം ചെയ്യാൻ താരത്തിന് കഴിയുന്നുണ്ട്. ലോകകപ്പ് അടുത്തിരിക്കെ അർജന്റീന ടീമിന്റെ പ്രതീക്ഷയും താരത്തിന്റെ മികച്ച ഫോമിൽ തന്നെയാണ്.