കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖം മാറും, ക്ലബ്ബിലേക്ക് മലയാളി പരിശീലകൻ എത്തുന്നു | Kerala Blasters
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ദൗർഭാഗ്യം കൊണ്ടു പുറത്തായ ബ്ലാസ്റ്റേഴ്സ് അതിനു ശേഷം നടന്ന സൂപ്പർകപ്പിലും ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തു പോയിരുന്നു. ഇതോടെ അടുത്ത സീസണിൽ ടീമിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
സൂപ്പർകപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് പിന്നാലെ ടീമിന്റെ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിടുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. നിരവധി വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പമുള്ള അദ്ദേഹത്തിന് പകരക്കാരനായി ഒരു മലയാളി പരിശീലകനാകും ചുമതല ഏറ്റെടുക്കുകയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് U18 ടീമിന്റെ മാനേജരായ ടിജി പുരുഷോത്തമനാകും ക്ലബിന്റെ സഹപരിശീലകനാവുകയെന്നാണ് റിപ്പോർട്ടുകൾ.
TG Purushothaman Is Reported To Be The New Assistant Coach Of Kerala Blasters Fc🟡🔵
— Junius Dominic Robin (@JuniTheAnalyst) April 18, 2023
|@IFTnewsmedia|#ISL #LetsFootball #KBFC #YennumYellow #ഒന്നായിപോരാടാം #JuniTheAnalyst pic.twitter.com/QjBGIkV75x
കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് എഫ്സി കേരളയുടെ പരിശീലകൻ ആയിരുന്നു ടി.ജി. പുരുഷോത്തമൻ. 2021 മുതൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയുണ്ട്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ സഹപരിശീലകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം എഎഫ്സി എ ലൈസൻസുള്ള പരിശീലകൻ കൂടിയാണ്. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായും ടി.ജി.പരിശീലകൻ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.
നാൽപ്പത്തിമൂന്നു വയസുള്ള പുരുഷോത്തമൻ വിവ കേരള, മഹീന്ദ്ര യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ഗോൾകീപ്പറായും കളിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പുതിയ സഹപരിശീലകൻ എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മലയാളി താരങ്ങളുടെ സാന്നിധ്യം കൂടാനുള്ള സാധ്യതയുണ്ട്. യൂത്ത് ടീമിൽ നിന്നും മികച്ച താരങ്ങൾ സീനിയർ ടീമിലേക്ക് വരാനും ഇത് വഴിയൊരുക്കും.
Content Highlights: Kerala Blasters To Appoint TG Purushothaman As Assistant Coach