ബെംഗളൂരുവിന്റെ ചതിക്ക് പകരം വീട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരം, മത്സരം മലബാറിന്റെ മണ്ണിൽ വെച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവാദമായ സെമി ഫൈനൽ പ്ലേ ഓഫ് മത്സരത്തിന് ശേഷം ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും തമ്മിൽ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു. ഹീറോ സൂപ്പർകപ്പിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രണ്ടു ടീമുകളും ഒരു ഗ്രൂപ്പിൽ വന്നതോടെയാണ് ഒരിക്കൽക്കൂടി ഇവർ തമ്മിലുള്ള പോരാട്ടത്തിന് വഴി തെളിഞ്ഞത്. കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർകപ്പിൽ രണ്ടു ടീമുകളും മലബാറിന്റെ മണ്ണിൽ വെച്ചാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി ഹീറോ സൂപ്പർകപ്പ് നടക്കുമെന്നാണ് സംഘാടകർ ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഐ ലീഗിലെ പത്തു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നു ടീമുകളുമാണ് സൂപ്പർകപ്പിൽ പങ്കെടുക്കുക. അതേസമയം വേദിയിൽ നിന്നും കൊച്ചിയെ ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. നേരത്തെ കൊച്ചിയും കോഴിക്കോടും വേദിയായി വരുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

സൂപ്പർകപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം ഏപ്രിൽ എട്ടിന് പഞ്ചാബ് എഫ്‌സിക്കെതിരെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് നടക്കുക. രണ്ടാമത്തെ മത്സരം ഏപ്രിൽ പന്ത്രണ്ടിന് യോഗ്യത നേടുന്ന ടീമിനെതിരെ നടക്കും. മൂന്നാം മത്സരത്തിലാണ് ബെംഗളൂരുവിനെ ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഈ മത്സരം നടക്കുന്നതും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചു തന്നെയാണ്. അതേസമയം മത്സരത്തിന്റെ സമയം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരു എഫ്‌സിക്കെതിരെയുള്ള മത്സരം ആരാധകർ കാത്തിരിക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരുവിനോട് തോറ്റാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. ഛേത്രി നേടിയ ഗോൾ ഉണ്ടാക്കിയ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടുമില്ല. മലബാറിന്റെ മണ്ണിൽ വലിയ ആരാധകപിന്തുണയോടെ ബെംഗളൂരുവിനെ വിറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.