“ശ്വാസം നിലച്ചു പോയ മത്സരം, എംബാപ്പെ നടത്തിയത് തകർപ്പൻ പ്രകടനം”- ലോകകപ്പ് ഫൈനലിനെപ്പറ്റി ലയണൽ മെസി

ഖത്തർ ലോകകപ്പിൽ ചരിത്രനേട്ടമാണ് ലയണൽ മെസി സ്വന്തമാക്കിയത്. ഗ്രൂപ്പ് മുതൽ ഫൈനൽ വരെയുള്ള ഓരോ ഘട്ടത്തിലും ഗോൾ നേടിയ ലയണൽ മെസി ഫൈനലിൽ രണ്ടു ഗോളുകളും നേടുകയുണ്ടായി. ഹാട്രിക്ക് പ്രകടനം നടത്തിയ എംബാപ്പെ അർജന്റീനക്ക് ഭീഷണി ഉയർത്തിയെങ്കിലും ഷൂട്ടൗട്ടിൽ അർജന്റീന തന്നെ വിജയം നേടുകയായിരുന്നു. കഴിഞ്ഞ ദിവസം ഫൈനലിനെക്കുറിച്ചും എംബാപ്പെയുടെ പ്രകടനത്തെക്കുറിച്ചും മെസി സംസാരിക്കുകയുണ്ടായി.

“ശ്വാസം നിലച്ചു പോയ ഫൈനൽ പോരാട്ടമായിരുന്നു അത്, ആ മത്സരം അങ്ങിനെയായത് അവിശ്വസനീയമായിരുന്നു. എംബാപ്പയുടെ പ്രകടനവും മഹത്തരമായ ഒന്നായിരുന്നു. ഫൈനലിൽ താരം മൂന്നു ഗോളുകൾ നേടുകയും എന്നാൽ കിരീടം നേടാൻ കഴിയാതിരിക്കുകയും ചെയ്‌തതും അവിശ്വസനീയമായ മറ്റൊരു കാര്യമായി.” തന്റെ ക്ലബായ പിഎസ്‌ജിയുടെ യൂട്യൂബ് ചാനലിനോട് സംസാരിക്കെ ലയണൽ മെസി പറഞ്ഞു.

“പക്ഷെ താരം നേരത്തെ തന്നെ കിരീടം സ്വന്തമാക്കിയിട്ടുണ്ട്, ലോകചാമ്പ്യൻ ആവുകയെന്നത് താരം നേരത്തെ തന്നെ അനുഭവിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ ഫുട്ബാൾ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫൈനലാണ് അന്ന് നടന്നതെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ ഒരുമിച്ചോരു ടീമിൽ കളിക്കാൻ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്, ഒരുമിച്ച് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.” മെസി പറഞ്ഞു.

ലോകകപ്പിന് ശേഷം പിഎസ്‌ജിയിൽ മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. നെയ്‌മർ പരിക്കേറ്റു പുറത്തായെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പിഎസ്‌ജി മികച്ച പ്രകടനം നടത്തിയിരുന്നു. ലയണൽ മെസിയും എംബാപ്പെയും തമ്മിൽ മികച്ച ഒത്തിണക്കം വന്നുവെന്നതും പിഎസ്‌ജി ആരാധകർക്ക് പ്രതീക്ഷയാണ്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനിരിക്കയാണ് പിഎസ്‌ജി.