ബ്ലാസ്റ്റേഴ്‌സിന് പിഴച്ചതെവിടെ, അഡ്രിയാൻ ലൂണ പറഞ്ഞതും റഫറിയുടെ മറുപടിയും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ പ്ലേ ഓഫ് മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളുടെ പേരിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയെ തുടർന്ന് എഐഎഫ്എഫ് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിനിധികൾ അടക്കം എല്ലാവരെയും ചേർത്താണ് യോഗം നടന്നത്. യോഗത്തിൽ മത്സരം വീണ്ടും നടത്തണം, റഫറിക്കെതിരെ നടപടി വേണം എന്ന ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി തള്ളിയിരുന്നു.

റഫറി പിഴവൊന്നും വരുത്തിയിട്ടില്ലെന്നാണ് യോഗ്യതയിൽ കണ്ടെത്തിയിരിക്കുന്നത്. കേരള താരം അഡ്രിയാൻ ലൂണ റഫറി തന്നോട് ഛേത്രി ഫ്രീ കിക്ക് എടുക്കുമ്പോൾ മുന്നിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടതായി യോഗ്യതയിൽ വെളിപ്പെടുത്തി. ഫ്രീ കിക്ക് എടുക്കാനുള്ള വോൾ സെറ്റ് ചെയ്യുന്നതിനു വേണ്ടി റഫറി നിർദ്ദേശം നൽകുകയാണെന്ന് കരുതിയ താൻ അത് ചെയ്‌തപ്പോഴാണ്‌ ഛേത്രി ക്വിക്ക് ഫ്രീകിക്ക് എടുത്തതെന്ന് താരം പറയുന്നു.

അതേസമയം താൻ നിയമപ്രകാരമുള്ള കാര്യങ്ങളാണ് ചെയ്‌തതെന്നാണ്‌ റഫറി പറയുന്നത്. വിസിലിനു വേണ്ടി കാത്തു നിൽക്കാൻ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ അറ്റാക്കിങ് ടീമിന് പെട്ടന്ന് ഫ്രീ കിക്ക് എടുക്കാൻ അവസരമുണ്ടെന്നും അദ്ദേഹം പറയുന്നു. നിയമപ്രകാരം അറ്റാക്കിങ് പ്ലേയർക്ക് റഫറി നിർദ്ദേശം നൽകിയെങ്കിൽ മാത്രമേ അവർ വിസിലിനായി കാത്തു നിൽക്കേണ്ടതുള്ളൂ. അല്ലെങ്കിൽ അവർക്ക് നേരിട്ട് ഫ്രീകിക്ക് എടുക്കാം.

എന്തായാലും റഫറി ഏതു നിയമമാണ് തെറ്റിച്ചതെന്ന് വ്യക്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് പന്ത്രണ്ടു വരെ ക്ലബിന് മറുപടി നൽകാനുള്ള സമയവും അനുവദിച്ചിട്ടുണ്ട്. അതേസമയം മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയ ബ്ലാസ്റ്റേഴ്‌സിനെതിരെ എഐഎഫ്എഫ് കുറ്റം ചുമത്തിയിട്ടുണ്ട്. അതിനുള്ള നടപടി എന്താണെന്ന് ബ്ലാസ്റ്റേഴ്‌സ് നൽകിയ മറുപടി പരിശോധിച്ചതിനു ശേഷമായിരിക്കും തീരുമാനിക്കുക.