ഇതുവരെ നേടാനാവാതെ പോയത് ഇന്നു സ്വന്തമാക്കാനാകുമോ, അതോ ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങളുടെ ചിറകരിയുമോ ബെംഗളൂരു | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മറ്റൊരു പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ നേടിയ മികച്ച വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഉയർത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനായി അവസാനം വരെ പൊരുതാൻ തങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കാൻ ബെംഗളൂരുവിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിലെ വിജയം കൂടിയേ തീരു.
ബെംഗളൂരുവിനെതിരെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് മത്സരം കളിച്ചപ്പോൾ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ കൊച്ചിയിൽ നടന്ന ആ മത്സരം പോലെയല്ല ബെംഗളൂരുവിന്റെ മൈതാനത്ത് നടക്കാൻ പോകുന്ന പോരാട്ടം. ബെംഗളൂരു എഫ്സിയുടെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.
📊 Kerala Blasters yet to win a match at Sree Kanteerava Stadium ❌ #KBFC pic.twitter.com/JEsxutqUsk
— KBFC XTRA (@kbfcxtra) March 1, 2024
ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ഈ നാണക്കേടിന്റെ റെക്കോർഡ് തിരുത്താനും കിരീടത്തിനായി കൂടുതൽ ആത്മവിശ്വാസത്തോടെ പൊരുതാനും കേരള ബ്ലാസ്റ്റേഴ്സ് ടീമിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ ബെംഗളൂരു എഫ്സി മോശം ഫോമിലായതിനാൽ മത്സരത്തിൽ ചെറിയൊരു മുൻതൂക്കം കേരള ബ്ലാസ്റ്റേഴ്സിനുണ്ട്.
അതേസമയം വിജയം നേടേണ്ടത് ബെംഗളൂരു എഫ്സിക്കും അനിവാര്യമായ കാര്യമാണ്. നിലവിൽ ലീഗിൽ ഒൻപതാം സ്ഥാനത്താണ് അവർ നിൽക്കുന്നതെങ്കിലും ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ പ്ലേ ഓഫ് യോഗ്യതക്കുള്ള ആറാം സ്ഥാനത്തേക്ക് മുന്നേറാൻ ബെംഗളൂരുവിനു അവസരമുണ്ട്. അതുകൊണ്ടു കൈമെയ് മറന്നു പോരാടാൻ തന്നെയാവും അവർ ഇറങ്ങുക.
ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ലെങ്കിൽ ഷീൽഡ് സ്വന്തമാക്കാൻ കഴിയുമെന്ന ടീമിന്റെ പ്രതീക്ഷ അവസാനിപ്പിക്കാം. അതേസമയം ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് തൊട്ടു പിന്നിലെത്താൻ ബെംഗളൂരുവിനു കഴിയും. അതുകൊണ്ടു തന്നെ ശക്തമായ പോരാട്ടം തന്നെയാണ് ഇന്ന് നടക്കാൻ പോകുന്നത്.
Kerala Blasters Yet To Win A Match In Sree Kanteerava Stadium