മെസിയെ ഓർമിപ്പിക്കുന്ന ഗോൾ നേടിയതിനു ശേഷം തുലച്ചത് രണ്ടു സുവർണാവസരങ്ങൾ, കോപ്പ ഡെൽ റെയിൽ ബാഴ്‌സലോണ പുറത്ത് | Barcelona

കഴിഞ്ഞ സീസണിൽ പരിമിതികളുടെ ഇടയിലും രണ്ടു കിരീടങ്ങൾ സ്വന്തമാക്കിയ ബാഴ്‌സലോണക്കു പക്ഷെ ഈ സീസൺ കിരീടമില്ലാത്ത അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയാണ്. കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ പോരാട്ടത്തിൽ അത്‌ലറ്റിക് ക്ലബിനോട് തോൽവി വഴങ്ങി ബാഴ്‌സലോണ പുറത്തായി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ തോൽവി വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ ഒരു പ്രതിരോധപ്പിഴവിൽ അത്‌ലറ്റിക് ക്ലബ് മുന്നിലെത്തിയെങ്കിലും സമാനമായ രീതിയിൽ ബാഴ്‌സലോണ ലെവൻഡോസ്‌കിയിലൂടെ തിരിച്ചടിച്ചു. അതിനു പിന്നാലെ മെസിയെ ഓർമിപ്പിക്കുന്ന ഗോൾ നേടി പതിനാറുകാരൻ യമാൽ ടീമിന്റെ ലീഡുയർത്തി. മൂന്നോളം ബിൽബാവോ താരങ്ങളെ ഡ്രിബിൾ ചെയ്‌തു ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെയാണ് താരം ഗോൾ കുറിച്ചത്.

രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ സാൻസെറ്റിലൂടെ അത്‌ലറ്റിക് ബിൽബാവോ സമനില ഗോൾ കണ്ടെത്തി. പിന്നീട് രണ്ടു ടീമുകളും വിജയത്തിന് വേണ്ടി പൊരുതുകയായിരുന്നു. രണ്ടാം പകുതിയിൽ ബാഴ്‌സലോണക്ക് സ്വന്തമാക്കാൻ കഴിയുമായിരുന്ന മത്സരം കൈവിടാൻ കാരണമായത് യമാൽ തന്നെയാണ്. മികച്ച രണ്ടവസരങ്ങളാണ് താരം തുലച്ചു കളഞ്ഞത്.

അറുപത്തിയഞ്ചാം മിനുട്ടിൽ രണ്ട് അത്‌ലറ്റിക് ബിൽബാവോ ഡിഫെൻഡർമാരുടെ ഇടയിൽ വെച്ച് പന്ത് ലഭിച്ച താരം ബോക്‌സിലെത്തുമ്പോൾ ഗോളി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാൽ ഷോട്ട് പുറത്തേക്കാണ് പോയത്. അതിനു ശേഷം എൺപത്തിയഞ്ചാം മിനുട്ടിൽ ബിൽബാവോ താരത്തിന്റെ കാലിൽ നിന്നും പന്ത് തട്ടിയെടുത്തു മുന്നേറിയ താരം ഗോളിയെയും വെട്ടിച്ചെങ്കിലും ഷോട്ട് ബാറിന് മുകളിലൂടെ പോയി.

നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് അത്‌ലറ്റിക് ക്ലബിന് വിജയം സമ്മാനിച്ചത്. ബി ടീമിൽ നിന്നും പതിനാറും പതിനേഴും വയസുമുള്ള താരങ്ങളെ കളിപ്പിച്ച ബാഴ്‌സലോണ മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം ബാഴ്‌സലോണ മുൻപ് പുറത്താക്കിയ വാൽവെർദെക്ക് ബിൽബാവോ പരിശീലകനായി വിജയം നേടാൻ കഴിഞ്ഞു.

Lamine Yamal Missed Chances Cost Barcelona