മനോഹര വൺ ടച്ച് പാസുകളുമായി ലെവൻഡോസ്‌കി, കിടിലൻ ഗോളുകളുമായി ബാഴ്‌സലോണ ക്യാമ്പ് നൂവിനോട് താൽക്കാലികമായി വിട പറഞ്ഞു | Lewandowski

മയോർക്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെ താൽക്കാലികമായി ക്യാമ്പ് നൂ മൈതാനത്തോടു വിട പറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണ. പുതുക്കിപ്പണിയുന്നതിനു വേണ്ടി അടച്ചിടുന്ന ക്യാമ്പ് നൂ സ്റ്റേഡിയത്തിൽ ഇനി 2024നു ശേഷമേ മത്സരങ്ങൾ ഉണ്ടാവുകയുള്ളൂ. അതുവരെ ബാഴ്‌സലോണയിലെ മോണ്ട്ജൂക്കിലുള്ള ഒളിമ്പിക് സ്‌റ്റേഡിയത്തിലാണ് ക്ലബിന്റെ മത്സരങ്ങൾ നടക്കുക. 2024 നവംബറിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ ടീം മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തി. റോബർട്ട് ലെവൻഡോസ്‌കിയുടെ വൺ ടച്ച് പാസാണ് ഗോളിലേക്കുള്ള വഴി തുറക്കുന്നതിൽ നിർണായകമായത്. ബുസ്‌ക്വറ്റ്സ് നൽകിയ പന്ത് റണ്ണിങ്ങിലുള്ള ഗാവിക്ക് മനോഹരമായി പോളണ്ട് താരം നൽകി. ഗാവിയുടെ ക്രോസിൽ നിന്നും ഫാറ്റി നിരവധി മത്സരങ്ങൾക്ക് ശേഷം ബാഴ്‌സലോണക്കു വേണ്ടി തന്റെ ആദ്യത്തെ ഗോൾ നേടുകയും ചെയ്‌തു.

അതിനു ശേഷം പതിനാലാം മിനുട്ടിൽ മയോർക്ക താരം ചുവപ്പുകാർഡ് നേടിപ്പോയത് ബാഴ്‌സലോണയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇരുപത്തിനാലാം മിനുട്ടിൽ ടീമിന്റെ രണ്ടാമത്തെ ഗോളും പിറന്നു. ഇത്തവണയും ലെവൻഡോസ്‌കിയുടെ വൺ ടച്ച് പാസ് തന്നെയായിരുന്നു ഗോളിന് കാരണമായത്. ഡി ജോംഗ് ബോക്‌സിലേക്ക് നൽകിയ പന്ത് റണ്ണിങ്ങിലായിരുന്ന ഫാറ്റിക്ക് താരം വൺ ടച്ചിലൂടെ നൽകിയത് മറ്റൊരു മനോഹര നിമിഷമായിരുന്നു. ഫാറ്റി കൃത്യമായി വല കുലുക്കി തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു.

അതിനു ശേഷം എഴുപത്തിനാലാം മിനുട്ടിൽ ഡെംബലെ നൽകിയ പാസ് ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിൽ നിന്നും വലയിലെത്തിച്ച് ഗാവി ബാഴ്‌സയുടെ അവസാനത്തെ ഗോൾ നേടി. മത്സരത്തിന് ശേഷം ലെവൻഡോസ്‌കിയുടെ വൺ ടച്ച് പാസുകളുടെ കൃത്യതയും അതിന്റെ മികവുമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. അടുത്ത സീസണിൽ പോളണ്ട് താരവും ലയണൽ മെസിയും ഒരുമിച്ചാൽ ബാഴ്‌സലോണ ഗംഭീരപ്രകടനം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Lewandowski Beautiful Passes Behind Barcelona Goals Against Mallorca