വമ്പൻ ഓഫറിൽ ബെൻസിമ വീണോ, താരം ക്ലബ് വിടുമെന്ന സംശയത്തിൽ റയൽ മാഡ്രിഡ് | Karim Benzema

നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കരിം ബെൻസിമ. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം 2009 ട്രാൻസ്‌ഫർ ജാലകത്തിലാണ് ബെൻസിമ റയൽ മാഡ്രിഡിലെത്തുന്നത്. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും മുപ്പതു മില്യൺ യൂറോ നൽകി സ്വന്തമാക്കിയ താരം അന്നു മുതലിങ്ങോട്ട് ടീമിന്റെ പ്രധാന സ്‌ട്രൈക്കറാണ്. ഇതുവരെ കരിം ബെൻസിമയുടെ പകരക്കാരനെന്ന നിലയിൽ മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തിയിട്ടുമില്ല.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും ഫ്രഞ്ച് താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നില്ല. എന്നാൽ റയൽ മാഡ്രിഡിനിപ്പോൾ ഫ്രഞ്ച് താരത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. റെലെവോയുടെ റിപ്പോർട്ടുകൾ പ്രകാരം ബെൻസിമ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന സംശയമാണ് ലോസ് ബ്ലാങ്കോസിനുള്ളത്. സൗദി അറേബ്യയിൽ നിന്നും ഫ്രഞ്ച് താരത്തിന് വേണ്ടി വമ്പൻ ഓഫർ വന്നിട്ടുണ്ടെന്നാണ് സൂചനകൾ.

റിപ്പോർട്ടുകൾ പ്രകാരം ഇരുനൂറു മില്യൺ രണ്ടു സീസണിലേക്കു പ്രതിഫലം നൽകിയുള്ള ഓഫറാണ് കരിം ബെൻസിമയെ തേടി സൗദി അറേബ്യയിൽ നിന്നും വന്നിട്ടുള്ളത്. ഇതിനു പുറമെ ഇമേജ് അവകാശം, പരസ്യങ്ങളിൽ നിന്നുള്ള വരുമാനം, കുട്ടികൾക്കുള്ള സ്‌കൂളുകൾ നിർമിക്കൽ എന്നിവയും അവിടെ നിന്നും വന്ന ഓഫറിൽ ഉൾപ്പെടുന്നു. ബെൻസിമയുടെ കരിയറിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഓഫറായിരിക്കുമിത്. സ്വീകരിച്ചാൽ ;ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമായി ബെൻസിമ മാറും.

ബെൻസിമ റയൽ മാഡ്രിഡ് വിട്ടാൽ അവർക്ക് നഷ്‌ടമാകുന്നത് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെയാവും. നിരവധി വർഷങ്ങളായി ടീമിന്റെ ഏറ്റവും വിശ്വസ്‌തനായ കളിക്കാരനാണ് ബെൻസിമ. റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ സ്‌പേസുകൾ ഒരുക്കി നൽകിയിരുന്ന താരം റൊണാൾഡോ പോയതിനു ശേഷം ടീമിന്റെ നട്ടെല്ലായി മാറി ബാലൺ ഡി ഓർ പുരസ്‌കാരമടക്കം സ്വന്തമാക്കി. റയൽ മാഡ്രിഡ് ആരാധകർ ബെൻസിമ ക്ലബ് വിടാൻ യാതൊരു തരത്തിലും ആഗ്രഹിക്കുന്നുണ്ടാകില്ലെന്നുറപ്പാണ്.

Real Madrid Suspect Karim Benzema Valuing Saudi Offer