ഡോർണി റൊമേരോ ട്രാൻസ്‌ഫറിൽ സംഭവിക്കുന്നതെന്ത്, ഗോളടിയന്ത്രം ബ്ലാസ്റ്റേഴ്‌സിലെത്താനുള്ള സാധ്യത എത്രത്തോളം | Kerala Blasters

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോർണി റൊമേരോ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വന്നിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലെ ഓൾവെയ്‌സ് റെഡി ക്ലബിനായി മികച്ച ഫോമിൽ കളിക്കുന്ന താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫർ ലെറ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ചെയ്‌തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പിന്നീട് യാതൊരു വിധത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടില്ല.

ഇരുപത്തിയഞ്ചുകാരനായ താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയത് സത്യമാണെന്നും എന്നാൽ ഇതുവരെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ലെന്നുമാണ് അവസാനം മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തിയത്. ലാറ്റിനമേരിക്കയിൽ നിന്നും അവസാനം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം റൊമേറോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒന്നര കോടിയിലധികം നൽകേണ്ടി വരുമെന്നായിരുന്നു. ഇക്കാര്യം റോമെറോ തന്നെ സ്റ്റോറിയായി ഷെയർ ചെയ്‌തത്‌ വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്‌തു.

റോമെറോ ട്രാൻസ്‌ഫറിൽ സംഭവിക്കാൻ സാധ്യതയുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന് താരത്തിനായി ആവശ്യപ്പെട്ട തുക നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാകാത്തതു കൊണ്ടോ അല്ലെങ്കിൽ ഓഫർ ലെറ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതു കൊണ്ടോ ട്രാൻസ്‌ഫർ നീക്കങ്ങൾ അവസാനിച്ചിട്ടുണ്ടാകാം. എന്നാൽ ട്രാൻസ്‌ഫർ നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് പൂർണമായും അവസാനിചിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടുകൾ തീർച്ചയായും പുറത്തു വരുമെന്നത് ഉറപ്പാണ്. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

മറ്റൊരു കാര്യം ഓഫർ ലെറ്ററടക്കം പുറത്തു വന്നതിനാൽ താരത്തിനായുള്ള നീക്കങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വളരെയധികം സ്വകാര്യത പുലർത്തി ഇനിയും വിവരങ്ങൾ ചോരാതെ സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടായിരിക്കാം താരവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും പുറത്തു വരാത്തത്. അതേസമയം പൂർണമായും വിശ്വാസയോഗ്യമല്ലാത്ത ചില കേന്ദ്രങ്ങളിൽ നിന്നും റൊമേറോയുടെ ട്രാൻസ്‌ഫറിൽ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോയെന്ന റിപ്പോർട്ടുകളുണ്ട്.

What Is Happening In Kerala Blasters Move For Dorny Romero