മെസിയുടെ മൂല്യമെന്താണെന്ന് എംബാപ്പെക്കറിയാം, അർജന്റീന നായകനോടു നന്ദി പറഞ്ഞ് ഫ്രഞ്ച് താരം | Kylian Mbappe

ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കിലിയൻ എംബാപ്പയാണ്‌. ഒരു മത്സരം ബാക്കി നിൽക്കെ കിരീടം നേടിയ പിഎസ്‌ജിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഫ്രഞ്ച് താരത്തിന് പുരസ്‌കാരം നേടാൻ സഹായിച്ചത്. നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയായ ഇരുപത്തിനാലുകാരനായ താരത്തിന്റെ കൂടി മികവാണ് കിരീടം നേടാൻ പിഎസ്‌ജിയെ സഹായിച്ചത്.

ഈ സീസണിൽ ഇരുപത്തിയെട്ടു ഗോളുകളും അഞ്ചു അസിസ്റ്റുകളുമടക്കം മുപ്പത്തിമൂന്നു ഗോളുകളിലാണ് എംബാപ്പെ പങ്കു വഹിച്ചിട്ടുള്ളത്. ലീഗിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരവും എംബാപ്പയാണ്. ഇരുപത്തിനാലു വയസ് മാത്രമേയുള്ളൂവെങ്കിലും ഇത് നാലാമത്തെ തവണയാണ് ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം എംബാപ്പെ നേടുന്നത്. ലോകഫുട്ബോളിൽ ഒരുപാട് റെക്കോർഡുകൾ തന്റെ പേരിലെഴുതുമെന്ന് എംബാപ്പെ ഇതിലൂടെ വ്യക്തമാക്കുന്നു.

ലയണൽ മെസിയെ മറികടന്നാണ് എംബാപ്പെ ഫ്രഞ്ച് ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാൽ ഈ സീസണിൽ ലയണൽ മെസി തനിക്ക് ഒരുക്കി നൽകിയ അവസരങ്ങൾ ഈ പുരസ്‌കാരം നേടാൻ സഹായിച്ചുവെന്ന് താരത്തിന് വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെയാണ് പുരസ്‌കാരം നേടിയതിനു ശേഷം ലയണൽ മെസിക്ക് എംബാപ്പെ പ്രത്യേകം നന്ദി പറഞ്ഞത്. ഒപ്പം ടീമിലെ മറ്റു താരങ്ങൾക്കും താരം നന്ദി അറിയിക്കുകയുണ്ടായി.

ലയണൽ മെസിയും ഈ സീസണിൽ ഗംഭീര പ്രകടനമാണ് ലീഗിൽ നടത്തിയത്. പതിനാറു ഗോളും പതിനാറു അസിസ്റ്റും സ്വന്തമാക്കിയ താരം ലീഗിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമുള്ള രണ്ടാമത്തെ താരമാണ്. കഴിഞ്ഞ ദിവസം പിഎസ്‌ജിക്ക് കിരീടം നേടിക്കൊടുത്ത ഗോൾ നേടിയതും മെസി തന്നെയാണ്. അതേസമയ ബാഴ്‌സലോണയിൽ ഒരു സംഗീതനിശ കാണാനായി പോയതിനാൽ താരം അവാർഡ് നൽകുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

Kylian Mbappe Thank Messi After Winning Ligue 1 Player Of the Season