ലെവൻഡോസ്കിക്കു വേണ്ടി നടത്തിയ പോരാട്ടത്തിൽ ബാഴ്സയ്ക്ക് വിജയം, താരം നാളെ കളിക്കും | Robert Lewandowski
ലോകകപ്പ് ഇടവേളക്കു ശേഷം ആദ്യത്തെ മത്സരം കളിക്കാനിറങ്ങുന്ന ബാഴ്സലോണ ടീമിന് ആശ്വാസമായി സ്റ്റാർ സ്ട്രൈക്കർ ലെവൻഡോസ്കിക്ക് ലഭിച്ചിരുന്ന വിലക്ക് നീങ്ങി. ഏറ്റവും അവസാനം നടന്ന ലീഗ് മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് മൂന്നു മത്സരങ്ങളിൽ ലെവൻഡോസ്കിക്ക് വിലക്ക് ലഭിച്ചിരുന്നതാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ഇതോടെ നാളെ വൈകുന്നേരം എസ്പാന്യോളിനെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയും. ബാഴ്സയെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് താരത്തിനുള്ള വിലക്ക് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
ഒസാസുനക്കെതിരെ നടന്ന ലീഗ് മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് റോബർട്ട് ലെവൻഡോസ്കിക്ക് ചുവപ്പുകാർഡ് ലഭിച്ചത്. പതിനൊന്നാം മിനുട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് നേടിയ താരത്തിന് മുപ്പതാം മിനുട്ടിൽ മറ്റൊരു ഫൗളിനു കൂടി മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് താരം പുറത്തു പോകേണ്ടി വന്നത്. ബാഴ്സലോണ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴാണ് താരത്തിന് ചുവപ്പുകാർഡ് ലഭിക്കുന്നത്. എന്നാൽ ബാക്കി സമയം മുഴുവൻ പത്തു പേരുമായി പൊരുതിയ ബാഴ്സലോണ നാൽപത്തിയെട്ടാം മിനുട്ടിൽ പെഡ്രിയുടെയും അതിനു ശേഷം എൺപത്തിയഞ്ചാം മിനുട്ടിൽ റാഫിന്യയുടെയും ഗോളിൽ മത്സരം വിജയിച്ച് ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.
ചുവപ്പുകാർഡിനു ശേഷം റഫറിക്കെതിരെ ആംഗ്യം കാണിച്ചതിനു മത്സരത്തിനു പിന്നാലെ ലെവൻഡോസ്കിക്ക് മൂന്നു മത്സരങ്ങളിലാണ് വിലക്ക് ലഭിച്ചത്. എന്നാൽ ഇതു പിൻവലിക്കാൻ വേണ്ടി ബാഴ്സലോണ നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്ട് സ്വീകരിച്ച് ബാഴ്സലോണയ്ക്ക് അനുകൂലമായി വിധി നൽകുകയായിരുന്നു. ഒരാഴ്ച മുൻപ് ടോട്ടൽ അത്ലറ്റിക് ഡെവലെപ്മെന്റ് കോടതി ഇതേ വിഷയത്തിൽ ബാഴ്സലോണയുടെ അപ്പീൽ തള്ളിയതിനു പിന്നാലെയാണ് മാഡ്രിഡിലെ കോടതിയിൽ നിന്നും അനുകൂലമായി വിധി ലഭിച്ചത്. ഇതോടെ താരത്തിന് നാളെ നടക്കാനിരിക്കുന്ന കാറ്റലൻ ഡെർബിയിൽ എസ്പാന്യോളിനെതിരെ കളിക്കാൻ കഴിയുമെന്ന് ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
⚠️ BREAKING NEWS! ⚠️
— FC Barcelona (@FCBarcelona) December 30, 2022
Lewandowski can play tomorrow against Espanyol after the dispute settlement court in Madrid issued a precautionary measure against the suspension imposed by the court of arbitration for sport pic.twitter.com/IL0WCwiFeD
ഈ സീസണിൽ ബാഴ്സലോണയുടെ പ്രധാനപ്പെട്ട താരമാണ് റോബർട്ട് ലെവൻഡോസ്കി. പതിനാല് ലീഗ് മത്സരങ്ങൾ കളിച്ച താരം പതിമൂന്നു ഗോളുകൾ നേടുകയും നാല് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അത്ലറ്റികോ മാഡ്രിഡ് അടക്കമുള്ള ടീമുകൾക്കെതിരെ ബാഴ്സലോണ മത്സരങ്ങൾ കളിക്കാനിരിക്കെയാണ് ഈ വിലക്ക് വന്നിരുന്നത് എന്നതിനാൽ കിരീടപ്പോരാട്ടത്തിൽ ടീമിനത് വലിയ തിരിച്ചടി ആകുമായിരുന്നു. എന്നാൽ വിലക്ക് നീങ്ങിയതോടെ റയലിനേക്കാൾ രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിനെ സംബന്ധിച്ച് കിരീടം നേടാനുള്ള പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്.
lewandowski can play against espanyol after ban settled in court